ആലുവ: പച്ചക്കറിയുമായി തൃശൂരിലേക്ക് പോയ മിനി ലോറി ദേശീയപാതയിൽ പഴയ മാർത്താണ്ഡ വർമ്മ പാലത്തിൽ ഇടിച്ചുമറിഞ്ഞു. പ്രഭാത സവാരിക്കിറങ്ങിയ മദ്ധ്യവയസ്കന് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഏഴ് മണിയോടെയാണ് സംഭവം. അമിത വേഗത്തിൽ വന്ന ലോറി പാലത്തിന്റെ ഷോൾഡറിൽ തട്ടി മറിയുകയായിരുന്നു. ആലുവ ദിശയിലേക്ക് വാഹനം കറങ്ങി തിരിഞ്ഞാണ് നിന്നത്. പാലത്തിലെ നടപ്പാതയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കെട്ടിക്കിടന്നതിനാൽ പ്രഭാത സവാരിക്കാരൻ താഴേക്ക് ഇറങ്ങി നടന്നത് വിനയായി. ലോറി തട്ടിയ ഇയാളെ ഗുരുതര പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹന ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഒരു മണിക്കൂറോളം ഗാതാഗതം നിശ്ചലമായി.