മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ 12-ാം വാർഡ് കൗൺസിലറും മുസ്ലിം ലീഗ് അംഗവുമായ ലൈല ഹനീഫ നഗരസഭാ ഓഫീസ് കവാടത്തിന് മുമ്പിൽ നിരാഹാര സമരം ആരംഭിച്ചു. നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മുസ്ലിം ലീഗ് അംഗവുമായ പി.എം അദ്ബുൽ സലാമിന്റെ രാജി ആവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ ദിവസം കൗൺസിൽ ഹാളിൽ അബ്ദുൽ സലാം അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്ന് ലൈല ഹനീഫ ആരോപിച്ചിരുന്നു. അബ്ദുൽ സലാമിനെതിരെ നഗരസഭാ സെക്രട്ടറിക്കും, ചെയർമാനും, മൂവാറ്റുപുഴ ഡി.വൈ.എസ് .പിക്കും പരാതി നൽകുകയും ചെയ്തു. സി.പി.എം, സി.പി.ഐ നേതാക്കളും മഹിള സംഘടനാ പ്രവർത്തകരും നഗരസഭ കൗൺസിലർമാരും സമരപന്തലിലെത്തി ലൈല ഹനീഫയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.