 
നെടുമ്പാശേരി: ചെങ്ങമനാട് 'കേരള പട്ടാര്യ സമാജം' നൂറിന്റെ നിറവിലെത്തി. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ, ജീവകാരുണ്യ പ്രവർത്തനങ്ങളോടെ ഡിസംബർ എട്ടിന് വിപുലമായ ശതാബ്ദി ആഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരേതനായ വടക്കേടത്ത് ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ 1924ലാണ് ചെങ്ങമനാട് കേരള പട്ടാര്യ സമാജം രൂപീകരിച്ചത്.
ചെങ്ങമനാടിന്റെ അടിസ്ഥാന സൗകര്യ, ക്ഷേമ വികസനത്തിന് സമാജം ഒട്ടേറെ സംഭാവനകൾ നൽകി. വടക്കേടത്ത് ശങ്കരപ്പിള്ള സ്ഥാപിച്ച കുടി പള്ളിക്കൂടമാണ് പിന്നീട് ചെങ്ങമനാട് ഗവ. സ്കൂളായത്. ചെങ്ങമനാട് സർക്കാർ ആശുപത്രി ആരംഭിച്ചതും സമാജം കെട്ടിടത്തിലാണ്. പിന്നീട് ആശുപത്രി സ്ഥാപിക്കാൻ ഭൂമിയും സൗജന്യമായി നൽകിയത് പട്ടാര്യ സമാജം അംഗം കൃഷ്ണപിള്ള മാസ്റ്ററാണ്. ചെങ്ങമനാടിന്റെ വികസനത്തിന് വഴിയൊരുക്കിയ ഓട് കമ്പനിയും അദ്ദേഹം സ്ഥാപിച്ചു. ചെങ്ങമനാട് മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിനും സ്ഥലം വിട്ടുനൽകിയത് മാധവൻ പിള്ളയായിരുന്നു. ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് കെട്ടിടവും സ്ഥലവും നൽകിയതും പട്ടാര്യ സമാജമായിരുന്നു.
സ്വയം തൊഴിൽ പരിപോഷിപ്പിക്കുന്നതിനും കുലത്തൊഴിൽ സംരക്ഷിക്കുന്നതിനുമായി കൈത്തറി നെയ്ത്ത് യൂണിറ്റും കൈത്തറി സഹകരണ സംഘവും സ്ഥാപിക്കുന്നതിന് പട്ടാര്യ സമാജത്തിന്റെ സംഭാവനകൾ ചെറുതല്ല. ചെങ്ങമനാട് കവലയിൽ ശ്രീരംഗം ഓഡിറ്റോറിയം സ്ഥാപിച്ചതും പട്ടാര്യ സമാജമാണ്.
പട്ടും കൈത്തറി വസ്ത്രങ്ങളും നിർമ്മിക്കുന്നതിനായി കേരളത്തിലെ രാജാക്കന്മാരുടെയും സാമൂതിരിമാരുടെയും ചേരമാൻ പെരുമാളിന്റെയും ക്ഷണപ്രകാരമാണ് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് പട്ടാര്യർ അരൂർ, ചേർത്തല, പള്ളിപ്പുറം, ചെങ്ങമനാട്, പറവൂർ, കൊടുങ്ങല്ലൂർ, വൈക്കം, കുത്താപിള്ളി, ബാലരാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയത്.
ശതാബ്ദി ആഘോഷ വിളംബര റാലി
ശതാബ്ദി ആഘോഷത്തിന് മുന്നോടിയായി വിളംബരം ചെയ്ത് ബൈക്ക് റാലി സംഘടിപ്പിച്ചു. ചെങ്ങമനാട് എസ്.ഐ സതീശ്കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. ശതാബ്ദി ആഘോഷ കൺവീനർ മഹേഷ് വാര്യംവീട്, അയ്യപ്പൻ പിള്ള, പി.ഡി. രാജൻ, കെ. കൃഷ്ണദാസ്, ഹരിദാസൻ കടവത്ത്, സി.ആർ. രാധാകൃഷ്ണൻ, ടി.എസ്. ഗോപി, ശിവൻ ചെഞ്ചേരിപ്പറമ്പിൽ, വിനീത സുനിൽ, അമ്പിളി അനിൽ, സ്മിത വാടയ്ക്കപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.