kuthip

കൊച്ചി: മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ പുതുപുത്തൻ സിന്തറ്റിക് ട്രാക്കിൽ ആയിരക്കണക്കിന് കൗമാര കായിക പ്രതിഭകളെ സാക്ഷിയാക്കി ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യത്തെ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആവേശക്കൊടിയേറ്റം. നിരവധി കായിക പ്രതിഭകളെ സംഭാവന ചെയ്ത കൊച്ചിയുടെ മണ്ണിന് അഭിമാനിക്കാവുന്ന വർണാഭമായ തുടക്കം.

വിവിധ സ്‌കൂളുകളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ഘോഷയാത്രയിൽ അണിനിരന്നു. ഡി.എച്ച് ഗ്രൗണ്ടിൽ നിന്ന് മുത്തുക്കുടകളും ബലൂണുകളുമായി മഹാരാജാസ് ഗ്രൗണ്ടിലേക്കായിരുന്നു ഘോഷയാത്ര.

ആദ്യം മാർച്ച് പാസ്റ്റ്. ആലപ്പുഴയിൽ തുടങ്ങി അക്ഷരമാലാ ക്രമത്തിൽ ജില്ലകളും കായികമേളയിൽ ആദ്യമായി പങ്കെടുക്കുന്ന വിദേശതാരങ്ങൾ ഉൾപ്പെടെ യു.എ.ഇ ടീമും അണിനിരന്നു. ഓരോ ടീമുകളുടെയും പേരുകൾ വേദിയിൽ അനൗൺസ് ചെയ്യുമ്പോഴും അണപൊട്ടിയ ആവേശത്തിൽ സദസിൽ നിറഞ്ഞ കൈയടി. ആതിഥേയരായ എറണാകുളം അവസാനമായെത്തിയതിനു പിന്നാലെ ദീപശിഖാ പ്രയാണം. മാർച്ച് പാസ്റ്റിനിടെ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടകൻ നടൻ മമ്മൂട്ടി വേദിയിലേക്കെത്തിയപ്പോഴേക്കും കൗമാരം ആർത്തിരമ്പി. കായിക മേള ഉദ്ഘാടകനായ വിദ്യാഭ്യാസ മന്ത്രിയുൾപ്പടെയുള്ളവർ സുദീർഘ പ്രസംഗങ്ങൾ ഒഴിവാക്കി.

 ചേർത്തു നിറുത്തലിന്റെ ഉദ്ഘാടനച്ചടങ്ങ്

ചേർത്തുനിർത്തലിന്റെ നേർക്കാഴ്ചയായിരുന്നു സ്കൂൾ കായിക മേളയുടെ ഉദ്ഘാടനച്ചടങ്ങ്. ദേശീയ സ്‌കേറ്റിംഗ് താരമായ പാലക്കാട് പി.എം.ജി സ്‌കൂളിലെ എസ്. സായന്ത് തുടക്കം കുറിച്ച ദീപശിഖാ പ്രയാണം 2024 യൂത്ത് നാഷണൽസ് സിൽവർ മെഡൽ ജേതാവായ ഹൈജംപ് താരം ജുവൽ തോമസ്, അണ്ടർ 19 സാഫ് കപ്പ് ദേശീയ ടീം അംഗം അഖില രാജൻ, അണ്ടർ 17 ഫുട്‌ബാൾ ദേശീയ ടീം അംഗം ഷിൽജി ഷാജി എന്നിവരിലൂടെ അവസാന ലാപിലേക്ക്. തുടർന്ന് കരിത്തല സെന്റ് ജോസഫ്‌സ് യു.പി.എസിലെ ഭിന്നശേഷി വിദ്യാർത്ഥികളായ യശ്വിത, അനുബിനു എന്നിവരുടെ കൈകളിലേക്ക് ദീപശിഖ. അവർ കായികമേളയുടെ ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിനു ദീപശിഖ കൈമാറി. ഇരുവരെയും ഒപ്പം ചേർത്ത് ശ്രീജേഷ് മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിന്റെ കൈയിലെ ദീപത്തിനടുത്തേക്ക്.

ദീപം തെളിയിക്കാൻ ശ്രീജേഷിനൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പള്ളുരുത്തി സ്‌കൂളിലെ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിനി ശ്രീലക്ഷ്മിയുമെത്തി. ദീപം തെളിഞ്ഞതിനു പിന്നാലെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു.

 ക്യൂൻ ഒഫ് അറേബ്യ കൊച്ചി 24

നാലായിരത്തിലേറെ വിദ്യാർത്ഥികൾ അണിനിരന്ന ക്യൂൻ ഒഫ് അറേബ്യ കൊച്ചി 24 സാംസ്കാരിക പരിപാടി ഡാൻസ്, സൂംബ, സെലസ്‌തേഷ്യൻ എയ്‌റോബിക്‌സ്, കഥകളി, മോഹിനിയാട്ടം, പുലികളി, തിരുവാതിര, ഒപ്പന, കോൽക്കളി, സാന്താക്ലോസുമാർ, ചെണ്ടമേളം, മാവേലി എന്നിവ അരങ്ങേറി.