ആലുവ: ആലുവയിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ കൊടൈക്കനാലിലേക്കുള്ള വിനോദയാത്ര അങ്കമാലി ഗ്രീൻ ട്രാവൽസിന്റെ വീഴ്ച മൂലം ദുരിതയാത്രയായി. മൂന്ന് ബസുകളിലായി വെള്ളിയാഴ്‌ച പുലർച്ചെ പുറപ്പെട്ട ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ 150 ഓളം പേരാണ് കൊടൈക്കനാലിൽ താമസിക്കാൻ സൗകര്യമില്ലാതെ ദുരിതത്തിലായത്.

വെള്ളിയാഴ്ച്ച കൊടൈക്കനാലിൽ താമസിച്ചു പിറ്റേന്നു സ്‌ഥലങ്ങൾ കണ്ടു രാത്രി മടങ്ങാനായിരുന്നു പദ്ധതി. വൈകിട്ടു നാലരയോടെ കൊടൈക്കനാലിൽ എത്തിയെങ്കിലും രാത്രി ഒമ്പതായിട്ടും താമസ സൗകര്യം ലഭിച്ചില്ല.

ട്രാവൽ ഏജൻസി മുറികൾ ബുക്ക് ചെയ്തിരുന്നില്ലെന്ന് അറിഞ്ഞതോടെ ബഹളമായി. പകരം സംവിധാനം ഉണ്ടാക്കുമെന്ന പ്രതീക്ഷയിൽ അർദ്ധരാത്രി വരെ വിദ്യാർത്ഥികൾ ബസിൽ കഴിച്ചുകൂട്ടി. ഒന്നും നടക്കാതെയായപ്പോൾ 252 കിലോമീറ്റർ അകലെ ഊട്ടിയിലേക്കു കൊണ്ടുപോയി. ടൂർ പ്ലാനിൽ ഇല്ലാത്ത യാത്രയായിരുന്നു അത്.

അവിടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ മാത്രമാണ് സൗകര്യം ലഭിച്ചത്.

രാത്രി ആലുവയിലേക്കു മടങ്ങുകയും ചെയ്തു. രണ്ട് ദിവസത്തിലേറെ തുടർച്ചയായി ബസിൽ ഇരിക്കേണ്ടി വന്നതു പെൺകുട്ടികൾക്കും മറ്റും വലിയ ബുദ്ധിമുട്ടുണ്ടാക്കി. പാക്കേജ് ഏർപ്പാട് ചെയ്‌ത സ്വകാര്യ സ്‌ഥാപനത്തിനെതിരെ പൊലീസിൽ പരാതി നൽകണമെന്നു രക്ഷിതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നു പി.ടി.എയുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.