കൊച്ചി: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും അതിന്റെ പേരിൽ പ്രഹസനങ്ങൾ പാടില്ലെന്നും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ. കേരളകൗമുദിയും ഭക്ഷ്യ സുരക്ഷാ വകുപ്പും കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹോട്ടലുകളിലെ പരിശോധനയ്‌ക്കൊപ്പം ഭക്ഷണ സാധനങ്ങൾ തയാറാക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തലും സംസ്ഥാന സർക്കാർ കാര്യമായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. നിമിഷ ഭാസ്‌കർ ഭക്ഷ്യ സുരക്ഷാ ക്ലാസ് നയിച്ചു. ഭക്ഷ്യ സുരക്ഷ, വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങൾ, മിസ് ബ്രാൻഡിംഗ് ആൻഡ് മിസ് ലേബലിംഗ്, ഹോട്ടൽ പോലുള്ള സ്ഥാനം തുടങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതുൾപ്പെടെ വിശദീകരിച്ച ക്ലാസിൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും നിമിഷ ഉത്തരങ്ങൾ നൽകി.
സെന്റ് ആൽബർട്‌സ് കോളേജ് ചെയർമാൻ ആൻഡ് മാനേജർ ഡോ. ആന്റണി തോപ്പിൽ അദ്ധ്യക്ഷനായ ചടങ്ങിൽ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി- തൃശൂർ യൂണിറ്റുകളുടെ ചീഫുമായ പ്രഭു വാര്യർ സ്വാഗതം ആശംസിച്ചു. സെന്റ് ആൽബർട്‌സ് ബിവോക് സ്‌പോർട്‌സ് ന്യൂട്രീഷ്യൻ ആൻഡ് ഫിസിയോതെറാപ്പി വിഭാഗം മേധാവി മിനിത സൂസൻ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.