കൊച്ചി: വനിതാ എഴുത്തുകാരുടെ കൂട്ടായ്‌മയായ പെണ്ണില്ലം എഴുത്തിടത്തിലെ അംഗങ്ങൾ രചിച്ച 62 പുസ്‌തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. 25 എഴുത്തുകാരികൾ 11ന് വൈകിട്ട് ഏഴിന് നടക്കുന്ന പ്രകാശനച്ചടങ്ങിൽ പങ്കെടുക്കും.

തൊഴിലുറപ്പ് തൊഴിലാളി മുതൽ ഉദ്യോഗസ്ഥർ വരെ 80 പേർ അംഗങ്ങളായ പെണ്ണില്ലം എഴുത്തിടം ഒരുവർഷം മുമ്പാണ് കണ്ണൂർ കേന്ദ്രമായി ആരംഭിച്ചത്. വനിതകളുടെ ഇത്രയും പുസ്‌തകങ്ങൾ ഒരുമിച്ച് ഒരേവേദിയിൽ പ്രകാശനം ചെയ്യുന്നത് ആദ്യമാണെന്ന് പെണ്ണില്ലം പ്രസിഡന്റ് അനിതാദേവി, സെക്രട്ടറി രാജി അരവിന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘടനയുടെ ഒന്നാം വാർഷികവും പ്രത്യേക പതിപ്പ് പ്രകാശനവും ഡിസംബർ 29ന് തൃശൂരിൽ നടക്കുമെന്ന് അവർ പറഞ്ഞു. എഴുത്തുകാരായ അൻസൽന, സ്‌മിത, സുധ കൈതാരം, സുഷമ എന്നിവരും വാർത്താസമ്മേനളനത്തിൽ പങ്കെടുത്തു.