അഡ്വ.ഹരീഷ് വാസുദേവൻ

(ഹൈക്കോടതി അഭിഭാഷകൻ)

സുപ്രീം കോടതി വിധി വിശദമായി പഠിക്കേണ്ടതുണ്ട്. ജസ്റ്റിസ് നാഗരത്നയുടെ വിയോജനക്കുറിപ്പിൽ നിന്ന് മനസിലാക്കുന്ന ഒരു കാര്യം, ഭരണഘടനയുടെ അന്തസ്സത്ത സമ്പൂർണമായി നിരാകരിക്കുന്ന വിധിയാണിത് എന്നാണ്.

നമ്മുടെ രാജ്യം കെട്ടിപ്പടുത്ത സമയത്ത് തുല്യതയ്ക്ക് വിരുദ്ധമായ കാര്യങ്ങൾ നിലനിന്നിരുന്നു. പണവും സമ്പത്തും കുറച്ചുപേരുടെ പക്കൽ മാത്രം. ഭരണഘടന നിലവിൽവന്നപ്പോൾ സമൂഹത്തിൽ തുല്യത വേണമെന്നു നിഷ്കർഷിച്ചു. അതിനായി നിയമനിർമ്മാണം നടത്തണമെന്ന ഭേദഗതിയും വന്നു. ഇല്ലാത്തവന് കൊടുക്കണമെങ്കിൽ ഉള്ളവനിൽ നിന്ന് വാങ്ങിയെടുക്കണമെന്നത് ലളിതമായ യുക്തിയാണ്. അതാണ് ഭരണഘടനയുടെ അടിസ്ഥാനം. അത് എഴുതുകയായിരുന്നു ജസ്റ്റിസ് വി.ആ‌ർ. കൃഷ്ണയ്യർ. അന്നത്തെ വിധിയാണ് റദ്ദായിരിക്കുന്നത്.

മൗലികാവകാശം പോലെ തന്നെ പ്രധാനമാണ് ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങൾ. നിയമനിർമ്മാണത്തിന് സർക്കാരിനെ നയിക്കുന്ന മാർഗരേഖയാണിത്. ഏതുതരം പ്രകൃതിവിഭവങ്ങളും സർക്കാരിന് പുനർവിതരണം നടത്താനാകും. അതിലേക്കുള്ള ചുവടുവയ്പായാണ് പല സംസ്ഥാനങ്ങളും ഭൂപരിഷ്കരണം നടപ്പാക്കിയത്. ഭൂപരിഷ്കരണം ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും അന്നത്തെ രാഷ്ട്രപതി അംഗീകരിക്കുകയും കേശവാനന്ദഭാരതി കേസിൽ സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തത് അതിന്റെ പ്രധാന്യം ഉൾക്കൊണ്ടാണ്. അല്ലാത്തപക്ഷം ഇന്നത്തെ കേരളത്തിൽ

10 ശതമാനം പേർക്കു പോലും ഭൂമിയില്ലാത്ത അവസ്ഥയായേനെ.

കോർപ്പറേറ്റ്‌വത്കരണം, സമ്പത്ത് കുമിഞ്ഞുകൂടൽ എന്നിവയിൽ ഇടപെട്ട് തുല്യതയുണ്ടാക്കുക എന്നത് സ‌ർക്കാരിന്റെ ഭരണഘടനാപരമായ കടമയാണ്. ഇന്നലത്തെ വിധിയിൽ സുപ്രീംകോടതി അത് മറന്നു. ''പന്ത് ഇപ്പോൾ ആരുടെ പക്കലാണോ അവിടെവച്ച് റഫറി അന്തിമ വിസിലൂതുന്നതുപൊലെ." ഭൂമിയുടെ അവകാശമുള്ള, സാധാരണക്കാരുടെ അവകാശം സംരക്ഷിക്കേണ്ട സംസ്ഥാനങ്ങളെ കോടതി കേട്ടില്ല. നിയമനിർമ്മാണ സഭകളെ മറികടന്നുള്ള ഭരണഘടനാ ഭേദഗതിയാണ് ഈ ഉത്തരവിലൂടെ കോടതി കൊണ്ടുവന്നിരിക്കുന്നത്. കൂടുതൽ വിഭവങ്ങൾ കൈയടക്കി വച്ചിരിക്കുന്നവരിലേക്ക് സ‌ർക്കാരിന്റെ അധികാരം എത്താതിരിക്കാനുള്ള ടൂൾ ആയി ഈ വിധി മാറിയേക്കും.