മൂവാറ്റുപുഴ: പായിപ്ര- ചെറുവട്ടൂർ റോഡിലെ പായിപ്ര കവല ഭാഗത്തെ കുഴികൾ നിരത്തി കട്ടവിരിക്കാൻ ഒടുവിൽ പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തി. റോഡിലെ കുഴികളിൽ വീണ് വാഹനാപകടങ്ങൾ തുടർക്കഥയാകുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. എത്രയും വേഗം പായിപ്ര കവലയിലെ റോഡ് നവീകരിച്ച് വാഹനഗതാഗതത്തിനും കാൽനടയാത്രയ്ക്കും സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് എ.ഇക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. റിയാസ് ഖാൻ കഴിഞ്ഞ ദിവസം നിവേദനം നൽകിയതും വാർത്തയിൽ സൂചിപ്പിച്ചിരുന്നു.
ഇതോടെയാണ് പൊതുമരാമത്ത് വകുപ്പ് ഉണർന്ന് പ്രവത്തിക്കാൻ തീരുമാനിച്ചത്. പായിപ്ര കവലഭാഗത്തെ റോഡ് നവീകരണം തിങ്കളാഴ്ച വൈകിട്ട് തന്നെ ആരംഭിച്ചു. കുഴികളെല്ലാം അടച്ച് ബലപ്പെടുത്തിയശേഷം കട്ടവിരിച്ച് റോഡ് നവീകരണം പൂർത്തിയാക്കാനാണ് തീരുമാനം. സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ള ഭാരവാഹനങ്ങളും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും പോകുന്ന പ്രധാനപ്പെട്ട റോഡിന്റെ തുടക്കഭാഗം തന്നെ പൊട്ടിപൊളിഞ്ഞ് അപകടകരമാവിധം ഗർത്തങ്ങൾ ഉണ്ടായത് ഏറെ ദുരിതം സൃഷ്ടിച്ചിരുന്നു. നവീകരണം കഴിഞ്ഞാലും താങ്ങാവുന്നതിലധികം ഭാരം കയറ്റിയ വമ്പൻ ലോറികളെ നിയന്ത്രിച്ചില്ലെങ്കിൽ റോഡ് പഴയപടി തന്നെയാകുമെന്ന് നാട്ടുകാർ പറയുന്നു.
റോഡ് നശിക്കാതെ നിലനിൽക്കുകയും പൊതുജനങ്ങൾക്ക് സുഖമമായി യാത്രചെയ്യാനും കഴിയണമെങ്കിൽ അമിതഭാരം കയറ്റിവരുന്ന ലോറികളെ നിയന്ത്രിക്കണം. റോഡ് കൂടുതൽ ബലപ്പെടുത്തുകയും വേണം.
വി.എച്ച്. ഷെഫീക്ക്
മുൻ പഞ്ചായത്ത് മെമ്പർ