mano

കൊച്ചി: "ഇടതു കാലിന് പരിക്കേറ്റില്ലായിരുന്നെങ്കിൽ സ്വർണമെഡൽ എനിക്കുള്ളതായിരുന്നു, എല്ലാം വിധി " - സീനിയർ ആൺകുട്ടികളുടെ പവർലിഫ്ടിംഗ് വേദിയുടെ മുൻ നിരയിൽ പ്ളാസ്റ്ററിട്ട കാലുമായിരുന്ന മനോവ് നോവുന്ന മനസോടെ പറഞ്ഞു. അവനെ ചേത്തുപിടിച്ച് ആശ്വസിപ്പിച്ച പരിശീലക മേരി ബീനയുടെയും പിതാവ് നവീൻ പുതുശേരിയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

പവർ ലിഫ്റ്റിംഗിൽ 66 കിലോഗ്രാം വിഭാഗത്തിൽ എറണാകുളം ജില്ലാ ചാമ്പ്യനായിരുന്നു മനോവ്. രണ്ട് മാസം മുമ്പ് ഫുട്ബാൾ കളിക്കിടെ കാൽമുട്ടിന്റെ പേശിക്ക് ഗുരുതര പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതോടെയാണ് മനോവിന് സംസ്ഥാന കായികമേള സ്വപ്നമായത്. പൂർണവിശ്രമമാണ് നിർദ്ദേശിച്ചിട്ടുള്ളതെങ്കിലും തന്റെ കാറ്റഗറിയിലെ മത്സരം കണ്ടേ തീരുവെന്ന മകന്റെ പിടിവാശിക്ക് പിതാവ് കീഴടങ്ങി. വാക്കറിന്റെ സഹായത്തോടെ കളമശേരി മുൻസിപ്പൽ ടൗൺഹാളിലെ മത്സരവേദിയിലേക്ക് വന്ന മനോവ് ഏവർക്കും ആദ്യം കൗതുകമായി. കാര്യമന്വേഷിച്ചവർക്ക് നൊമ്പരവും. അടുത്ത വർഷം മെഡൽ നേടുമെന്ന പ്രതീക്ഷയോടെയാണ് മടങ്ങിയത്.എറണാകുളം സെന്റ് മേരീസ് സ്കൂളിലെ കായികാദ്ധ്യാപിക റിൻസിയാണ് മാതാവ്.