കൊച്ചി: ദന്തസംരക്ഷണത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്താൻ ലോകബ്രഷിംഗ് ദിനമായ ഏഴിന് രണ്ടുലക്ഷം വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാനഘടകം ബോധവത്കരണം സംഘടിപ്പിക്കും. പല്ല് ബ്രഷ് ചെയ്യേണ്ട ശരിയായ രീതി 228 സ്‌കൂളുകളിൽ രാവിലെ 9.30നും 10.30നുമിടയിൽ പഠിപ്പിക്കും.

പാൽപ്പുഞ്ചിരി പദ്ധതിയുടെ ഉദ്ഘാടനം കളമശേരി രാജഗിരി പബ്ളിക് സ്കൂളിൽ നടക്കും. സ്‌കൂൾ പ്രിൻസിപ്പൽ റൂബി ആന്റണി, ഡയറക്ടർ പൗലോസ് കിടങ്ങൻ എന്നിവർ പങ്കെടുക്കും. അസോസിയേഷന്റെ 39 ഘടകങ്ങൾ പദ്ധതിയുടെ ഭാഗമാകുമെന്ന് പ്രസിഡന്റ് ഡോ. ടെറി തോമസ് ഇടത്തെട്ടി, സെക്രട്ടറി ഡോ. ദീപു ജെ. മാത്യു, കൊച്ചി ഘടകം ചെയർമാൻ ദീപക് ജെ. കളരിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.