milma1
മിൽമയുടെ തൃപ്പൂണിത്തുറ ഡെയറിയിൽ സ്ഥാപിച്ച സോളാർ പാനലുകൾ

കൊച്ചി: രാജ്യത്തെ ആദ്യ സമ്പൂർണ സൗരോർജ ഡെയറിയെന്ന നേട്ടം എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണസംഘം (മിൽമ) സ്വന്തമാക്കി. തൃപ്പൂണിത്തുറയിലെ ഡയറിയിൽ രണ്ട് മെഗാവാട്ട് സൗരോർജ പ്ലാന്റ് 16 കോടി രൂപ മുടക്കിൽ പ്രവർത്തനസജ്ജമായി.

ഡയറി പ്രോസസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പദ്ധതിയിൽനിന്ന് 9.2 കോടി രൂപയുടെ വായ്പയും മേഖലാ യൂണിയന്റെ 6.8 കോടി രൂപയും ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

തടാകത്തിൽ സ്ഥാപിച്ച എട്ട് കെ.വിയുടെ ഫ്ളോട്ടിംഗ് പാനലുകൾ, കാർപോർച്ച് മാതൃകയിൽ സജ്ജീകരിച്ച 102 കിലോവാട്ട് പാനലുകൾ, ഗ്രൗണ്ടിലെ 1,890 കിലോവാട്ട് പാനലുകൾ എന്നീ രീതിയിലാണ് പ്ലാന്റ് ക്രമീകരിച്ചത്.

അനെർട്ടിനായിരുന്നു സാങ്കേതിക മേൽനോട്ടം. കെ.സി കോപ്പർ എനർജി സൊല്യൂഷൻസ് ലിമിറ്റഡ് സോളാർ പാനലുകൾ സ്ഥാപിച്ചു. ഊർജമന്ത്രാലയം അംഗീകരിച്ച പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഘടകങ്ങളാണ് സ്ഥാപിച്ചത്. നിരീക്ഷണത്തിനും കെ.എസ്.ഇ.ബിക്ക് റിപ്പോർട്ട് ചെയ്യുന്നതിനും സ്‌കാഡ സംവിധാനവുമുണ്ട്.

ഉദ്ഘാടനം ഒമ്പതിന്

പ്ളാന്റ് ഒമ്പതിന് രാവിലെ 10ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നാടിന് സമർപ്പിക്കും. മിൽമയുടെ പ്രൊഡക്ട്‌സ് ഡെയറി നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ദേശീയ ക്ഷീരവികസന പദ്ധതിയുടെ സഹായത്തോടെ നിർമ്മിച്ച മിൽമ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിന്റെ താക്കോൽ മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്. മണി എൻ.ഡി.ഡി.ബി ചെയർമാൻ ഡോ. മീനേഷ് ഷായ്ക്ക് കൈമാറും.

പ്രതി​വർഷ നേട്ടങ്ങൾ

1 2.9 ദശലക്ഷം യൂണിറ്റ് ഹരിതോർജ്ജം ഉത്പ്പാദിപ്പിക്കും

2 1.94 കോടി രൂപ ഊർജച്ചെലവ് ലാഭിക്കും

3 2,400 മെട്രിക് ടൺ കാർബൺഡൈ ഓക്‌സൈഡ് പുറന്തള്ളൽ ഒഴിവാകും

4 പകൽ ഡെയറിയുടെ ഊർജ ആവശ്യകത നിറവേറ്റും

5 മിച്ചമുള്ള വൈദ്യുതി പീക്ക്, ഓഫ് പീക്ക് സമയങ്ങളിൽ ഉൾക്കൊള്ളും

6 ഡെയറി പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കും

പ്ലാന്റ് വിശേഷങ്ങൾ

* ശേഷി 2 മെഗാവാട്ട്
* വിസ്തൃതി 4.7ഏക്കർ

* പ്രതീക്ഷിക്കുന്ന ലാഭം പ്രതിവർഷം 1.94 കോടിരൂപ
* സോളാർ പാനലുകൾ 3,704
* ഇൻവെർട്ടർ 16 (100 കിലോവാട്ട് വീതം)
* നിക്ഷേപം 16 കോടിരൂപ

സോളാർ സാങ്കേതികവിദ്യയിലെ ആധുനികമായ മാതൃകയാണ് മിൽമയുടെ പ്ളാന്റ്. പാരിസ്ഥിതിക, സാങ്കേതികരംഗത്ത് വൻ മാറ്റമാണ് മിൽമ കുറിക്കുന്നത്.

എം.ടി. ജയൻ,

ചെയർമാൻ,

മിൽമ എറണാകുളം യൂണിയൻ