കെ.കെ. രത്‌നൻ
വൈപ്പിൻ: സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ചെറായി ബീച്ച്, മുനമ്പം മുസരീസ് ബീച്ച് എന്നിവയുടെ മദ്ധ്യഭാഗത്ത് നിന്ന് വൈപ്പിൻ - മുനമ്പം സംസ്ഥാനപാതയിലേക്കുള്ള പള്ളിപ്പുറം കോൺവെന്റ് ബീച്ച് പാലത്തിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചിട്ട് കാലമേറെയാകുന്നു.
പാലത്തിന് ആകെ 8 സ്പാനുകളാണ് ഉള്ളത്. ഇവയിൽ 5 സ്പാനുകൾ പല ഘട്ടങ്ങളിലായി നിർമ്മിച്ചു കഴിഞ്ഞു. 3 എണ്ണം കൂടി നിർമ്മിച്ചാൽ പാലം പണി പൂർത്തിയാകും. അഞ്ചാമത്തെ സ്പാൻ പണി കഴിഞ്ഞിട്ട് 2 വർഷമായി. തുടർന്ന് നിർമ്മാണം നിലച്ചു. ഇതോടെ നിർമ്മാണം ആരംഭിച്ച് 15 വർഷമായിട്ടും പണി പൂർത്തിയാകാത്ത അപൂർവം പാലങ്ങളിലൊന്നായി പള്ളിപ്പുറം കോൺവെന്റ് ബീച്ച് പാലം മാറി.
കോൺവെന്റ് ഭാഗത്തിന് പടിഞ്ഞാറുള്ള കടപ്പുറം നിവാസികൾ വർഷങ്ങളായി ആശ്രയിക്കുന്നത് കടത്ത് വഞ്ചിയെയാണ്. മുക്കാൽഭാഗവും പണി കഴിഞ്ഞ പാലത്തിനരികിലൂടെയാണ് ഇവർ കടത്ത് വഞ്ചി വഴി യാത്ര ചെയ്യുന്നത്. അധികൃതർ ഒന്ന് മനസ് വച്ചാൽ പാലം നിർമ്മാണം പൂർത്തിയാക്കി തങ്ങളുടെ യാത്ര സുഗമമാക്കാൻ കഴിയുമെന്ന് ഇവർ പറയുന്നു. പാലം നിർമ്മാണം ആരംഭിച്ചത് പ്രദേശവാസികളുടെ ഒട്ടേറെ സമരങ്ങളെ തുടർന്നാണ്. പണി പൂർത്തീകരിക്കാനും ഇനി തങ്ങളെ തെരുവിൽ ഇറക്കേണ്ടതുണ്ടോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
നിർമ്മാണം പൂർത്തീകരിക്കുന്നതിന് 6 കോടി രൂപ കൂടി ഫണ്ട് അനുവദിക്കണം. ഇതിനായി സർക്കാരിനേയും മുഖ്യമന്ത്രിയെയും പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് സമീപിച്ചിട്ടുണ്ട്. അനുകൂല നിലപാട് താമസിയാതെ ഉണ്ടാകും.
രമണി അജയൻ
പ്രസിഡന്റ്
ഗ്രാമപഞ്ചായത്ത്
പള്ളിപ്പുറം
പാലം നിർമ്മാണം ആരംഭിച്ചത് 2009 ജനുവരി 5ന്
പാലം നിർമ്മാണത്തിന് വകയിരുത്തിയത് 24.45 കോടി രൂപ
നീളം 266 മീറ്റർ
വീതി 7.50 മീറ്റർ
ഇരുവശങ്ങളിലും 1.50 മീറ്റർ നടപ്പാത
65 മീറ്റർ നീളത്തിൽ പാലത്തിന്റെ ഇരുഭാഗത്തും പാർശ്വ റോഡുകൾ.
നിർമ്മാണം മുടങ്ങിയത് ജി.എസ്.ടി. അടക്കുന്നത് സംബന്ധിച്ച് കരാറുകാരൻ ഇടഞ്ഞതിനാൽ ഇതുവരെ നടത്തിയ പണിക്ക് കരാറുകാരൻ അടക്കേണ്ട ജി.എസ്.ടി 18 ലക്ഷം രൂപ ഇതിനെതിരെ കോടതിയെ സമീപിച്ച കരാറുകാരന് അനുകൂല വിധി ലഭിച്ചു എന്നാൽ തുടർന്ന് നിർമ്മാണം ഏറ്റെടുക്കാൻ കരാറുകാരൻ തയ്യാറായില്ല