അങ്കമാലി: സിനിമയാണ് രാഷ്ട്രീയ കാഴ്ചപ്പാടുകളിലേക്ക് തന്നെ നയിച്ചതെന്ന് വിഖ്യാത ചലച്ചിത്ര സംവിധായിക പായൽ കപാഡിയ. രാജേഷ് കുമാർ കെ.കെ. സ്മാരക അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. യുവപ്രതിഭകൾക്കായി രാജേഷ് കുമാർ കെ.കെ. മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡ് സംവിധായകൻ സലിം അഹമ്മദ്, പായൽ കപാഡിയക്ക് സമ്മാനിച്ചു. എൻജിനിയറിംഗ് വിദ്യാർഥികളുടെ സംഘടനയായ ടെക്നോസിന്റെ സ്‌ഥാപക ചെയർമാനും കോഴിക്കോട് എൻ.ഐ.ടിയിലെ വിദ്യാർത്ഥി പാർലമെന്റിന്റെ പ്രഥമ സെക്രട്ടറി ജനറലുമായിരുന്ന കെ.കെ. രാജേഷ് കുമാറിന്റെ സ്മരണയ്ക്കായി നല്കിവരുന്നതാണ് ഇരുപത്തയ്യായിരം രൂപയും ഫലകവുമടങ്ങുന്ന അവാർഡ്. പതിനൊന്നാമത് അനുസ്മരണ യോഗത്തിൽ നേജിംഗ് ട്രസ്റ്റി സിയാദ് സയിദ് അദ്ധ്യക്ഷനും ചലച്ചിത്ര താരം ദിവ്യപ്രഭ മുഖ്യാതിഥിയുമായി.
അഭിനേത്രി ശാന്തി ബാലചന്ദ്രൻ, സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ ഷിബു, കെ.പി. റജീഷ്, അഡ്വ. ബിബിൻ വർഗീസ്, ഡോ. എം. സജീഷ്, രഥീഷ് കുമാർ കെ. മാണിക്യമംഗലം, കൗൺസിലർ ടി.വൈ. ഏല്യാസ്, ട്രസ്റ്റ് സെക്രട്ടറി സജീഷ് ബാബു എന്നിവർ പ്രസംഗിച്ചു.