 
ആലുവ: പ്രഥമ ജനസേവ മദർ തെരേസ പുരസ്‌കാരം സാമൂഹ്യപ്രവർത്തകനായ ഡോ. സുനിൽ ജോസിന് ആലുവയിൽ നടന്ന ചടങ്ങിൽ ഡോ. ടോണി ഫെർണാണ്ടസ് സമ്മാനിച്ചു. കോഴിക്കോട് സ്വദേശിയായ സുനിൽ ജോസ് 30 വർഷമായി രാജസ്ഥാനിലെ അജ്മീർ സെന്റ് ആൻസ്ലം സീനിയർ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനാണ്.
രാജസ്ഥാനിലെ ചേരികളിൽ നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ഒന്നരപതിറ്റാണ്ടായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ്. സ്വന്തം നിലയിൽ കെട്ടിടം വാടകയ്‌ക്കെടുത്ത് നിരവധി കുട്ടികൾക്ക് ഭക്ഷണവും വിദ്യാഭ്യാസം നൽകുന്നുണ്ട്. സുനിൽ ജോസിന്റെ പ്രയത്നഫലമായി ചേരിപ്രദേശത്തെ മൂന്ന് കുട്ടികൾക്ക് ഐ.ഐ.ടിയിലും മൂന്ന് പേർക്ക് എം.ബി.ബി.എസിനും പ്രവേശനം ലഭിച്ചിരുന്നു. ഇത്തരം പ്രവർത്തനം പരിഗണിച്ചാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ജനസേവ ചെയർമാൻ ജോസ് മാവേലി പറഞ്ഞു.