 
ആലുവ: അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര പിന്നണി ഗായകൻ ഹരിശ്രീ ജയരാജിന് ആദരം അർപ്പിച്ച് നാളെ ആലുവയിൽ സഹപ്രവർത്തകരായ സിനിമാ പിന്നണി ഗായകർ 'ജയരാജിനൊരു സ്നേഹഗീതം' ഗാനാഞ്ജലി സംഘടിപ്പിക്കും.
വൈകിട്ട് അഞ്ചിന് ആലുവ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ കെ.ജി. മാർക്കോസ്, മിൻമിനി, ഭാഗ്യലക്ഷ്മി, സുദീപ്, അഫ്‌സൽ, കലാഭവൻ സാബു, ഗണേഷ് സുന്ദരം, ചിത്ര അരുൺ ഉൾപ്പെടെ 18 ഓളം ഗായകർ ഗാനങ്ങൾ ആലപിക്കും. ഗായകരുടെ സംഘടനയായ മ്യൂസിക് അസോസിയേഷനും പി.കെ. കമ്മ്യൂണിക്കേഷൻസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന നീക്കിയിരിപ്പ് തുക പൂർണമായും ജയരാജിന്റെ കുടുംബത്തിന് കൈമാറും. നിരവധി സിനിമകളിലെ പിന്നണി ഗായകനായിരുന്ന ജയരാജ് ഹരിശ്രീ കഴിഞ്ഞ ജൂൺ 28നാണ് അന്തരിച്ചത്.
പരിപാടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.ഒ. ജോൺ സംസാരിക്കും. മ്യൂസിക് അസോസിയേഷൻ പ്രസിഡന്റ് കലാഭവൻ സാബു, കൺവീനർ ഗോപകുമാർ രാമചന്ദ്രൻ, മഹേഷ് മംഗലശ്ശേരി, കെ.പി. സജീവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.