drone

കൊച്ചി: പൊക്കാളിപ്പാടത്തെ വിത്തുവിതയുടെയും കടലിലെ കൂടുമത്സ്യ കൃഷിയുടെയും മേൽനോട്ടത്തിന് ഡ്രോണുകൾ ഉപയോഗിക്കുന്നതിനായി കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെയും സി.എം.എഫ്.ആർ.ഐയുടെയും സംയുക്ത പദ്ധതി 'ടേക് ഓഫ്" ചെയ്യുന്നു. കടൽ സസ്തനികളുടെ നിരീക്ഷണം, ദുരന്തനിവാരണം, അണ്ടർവാട്ടർ ഇമേജിംഗ്, ജലാശയ മാപ്പിംഗ് എന്നിങ്ങനെ എല്ലാ ജോലികളും ഡ്രോണുകൾ ഏറ്റെടുക്കും.കൂടുകളിൽ കൃഷി ചെയ്യുന്ന മത്സ്യങ്ങളുടെ ആരോഗ്യ നിരീക്ഷണം, തീറ്റ വിതരണം, സെൻസറുകൾ ഘടിപ്പിച്ച് വെള്ളത്തിന്റെ ഗുണനിലവാര പരിശോധന തുടങ്ങിയവ ഇതോടെ എളുപ്പമാകും. ഫാമുകളിൽ നിന്ന് ജീവനുള്ള മത്സ്യങ്ങളെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും കഴിയും. കൂടുകൃഷിക്ക് വെല്ലുവിളിയാകുന്ന ആൽഗകൾ പെരുകുന്നതിന് മുൻപ് കണ്ടെത്താനും കഴിയും. വേമ്പനാട്ട് കായലിലെ ജലത്തിന്റെ ഗുണനിലവാരവും ഇതിലൂടെ വിലയിരുത്താം.

'കുഞ്ഞൻ" രക്ഷകൻ
* തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്തനികളെ നിരീക്ഷിക്കാൻ കഴിയുന്നതിലൂടെ ഇവയുടെ സുരക്ഷ ഉറപ്പാക്കാം.

* രക്ഷാപ്രവർത്തകർക്ക് അടിയന്തര ഘട്ടങ്ങളിൽ ലൈഫ് ജാക്കറ്റുകൾ എത്തിക്കാം.
* ഉപരിതലമത്സ്യങ്ങൾ കൂട്ടത്തോടെയെത്തുന്ന സ്ഥലങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞ് മീൻപിടിത്തം എളുപ്പമാക്കാം

കർഷകർക്ക്

ശില്പശാല

ഡ്രോൺപദ്ധതിയെക്കുറിച്ച് മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കുമായി നടത്തുന്ന ശില്പശാല സി.എം.എഫ്.ആർ.ഐയിൽ നവംബർ എട്ടിന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.