wet
:മാലിന്യങ്ങൾ നിക്ഷേപിക്കാനത്തി​യ ലോറി​ പിടികൂടി പൊലീസിന് കൈമാറിയപ്പോൾ

കാക്കനാട്: പാലച്ചുവട് കാളച്ചാൽ തോടിനുസമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മാലിന്യം നിക്ഷേപിക്കാനെത്തി​യ ലോറി​ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടി. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ സത്താർ, താരിഫ് ഇബ്രാഹിം, അമൽ തോമസ്, ജെന്നി ജോസ്, സബീന എന്നിവരുടെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാടിന് ലഭിച്ച ഫോൺ സന്ദേശത്തെത്തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

കഴിഞ്ഞമാസം തൃക്കാക്കര നഗരസഭ മാലിന്യങ്ങൾ നീക്കംചെയ്ത പ്രദേശത്തു തന്നെയാണ് വീണ്ടും മാലിന്യങ്ങൾ നിക്ഷേപിക്കാൻ ശ്രമി​ച്ചത്. മാറമ്പിള്ളി സ്വദേശി സക്കീറിന്റെ ഉടമസ്ഥയിലുള്ളതാണ് ലോറി. ലോറി​യും ഡ്രൈവർ വാഴക്കാല സ്വദേശി ഫൈസലിനെയും നഗരസഭ അധികൃതർ തൃക്കാക്കര പൊലീസിന് കൈമാറി. വാഹനത്തിന്റെ നമ്പർ തിരിച്ചറിയാൻ സാധിക്കാത്തവിധം ചെളിതേച്ചാണ് എത്തിയത്. മാറമ്പിള്ളി ഭാഗത്തുള്ള കമ്പനികളുടെ പ്ലാസ്റ്റിക് മാലിന്യമാണ് സ്ഥിരമായി വഴിയരികിൽ തള്ളിക്കൊണ്ടിരുന്നത്. കഴിഞ്ഞ സെപ്റ്റംബറി​ൽ ഈ വാഹനം മാലിന്യവുമായി നഗരസഭ ആരോഗ്യവിഭാഗം പിടികൂടുകയും ഒന്നരലക്ഷംരൂപ പിഴ ചുമത്തിയതുമാണ്. അന്ന് ചുമത്തിയ പിഴ ഇതുവരെ അടച്ചി​ട്ടില്ല. നഗരസഭ ഉദ്യോഗസ്ഥർ വാഹന ഉടമയെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭി​ച്ചി​ല്ലെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.