അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘം നമ്പർ ഇ 1081 ഭരണ സമിതി പിരിച്ചുവിട്ടും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചും എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു. 2008 മുതൽ സംഘത്തിൽ നിന്നു നൽകിയ വായ്പകളിൽ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പല വായ്പകളും പലിശ ഉൾപ്പെടെ പുതുക്കി. വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ് മാത്രം അടിസ്ഥാനമാക്കിയും, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ പേരിലും വായ്പ നൽകിയിട്ടുണ്ട്. ഒരേ വസ്തുവിൻമേൽ ഒരേ വീട്ടിൽ താമസിക്കുന്ന നാലു പേർക്കു വരെയും മരിച്ചവരുടെ പേരിലും വായ്പ നൽകി.

സംഘത്തിൽ 2024 മാർച്ച് 31വരെ 120,39,43,913 രൂപ വായ്പയുള്ളതിൽ 96,74,10,556 രൂപയുടെ വായ്പകൾ വ്യാജമാണ്. ഈടുവസ്തുവിൽ നിന്ന് വായ്പ തുകയുടെ 25 ശതമാനം മാത്രമേ ഈടാക്കാൻ സാധിക്കൂ എന്ന് ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘത്തിന്റെ എം.ഡി.എസ് പരിശോധിച്ചതിൽ 1,37,35,000 രൂപ യാതൊരു ഈടു വ്യവസ്ഥയും പാലിക്കാതെ നൽകിയിട്ടുണ്ട്.

106,55,71,160.80 രൂപ നിക്ഷേപമുള്ള ബാങ്കിന് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതിന് ഉത്തരവാദികൾ സംഘം ഭരണസമിതി അംഗങ്ങളാണെന്നും ഉത്തരവിൽ പറയുന്നു.

പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലേക്ക് എം.കെ. വർഗീസ് തുറവൂർ, എം.പി.മാർട്ടിൻ കിടങ്ങൂർ, ഡെയ്സി ജെയിംസ് കവരപ്പറമ്പ് എന്നിവരെയാണ് നിയമിച്ചത്. എം.കെ. വർഗീസാണ് അഡ്മിനിസ്ട്രേറ്റീവ് കൺവിനർ.

പിരിച്ചുവിടപ്പെട്ടവർ: വി.ഡി. ടോമി, മാർട്ടിൻ ജോസഫ്, പി.സി. ടോമി, കെ ജി. രാജപ്പൻ നായർ, എൽസി വർഗ്ഗീസ്, ലക്സി ജോയ്, മേരി ആന്റണി, പി.വി. പൗലോസ്, ബെന്നി തെക്കൻ. നേരത്തെ ടി.പി. ജോർജിനെയും ദേവസി മാടനെയും വൈശാഖ് എസ്. ദർശനെയും സസ്പെൻഡ് ചെയ്തിരുന്നു.