kk

കൊച്ചി: പതിവുരീതിയിലെ ചിട്ടവട്ടങ്ങൾക്കപ്പുറം മത്സരത്തിന്റെ ഭാരമേതുമില്ലാതെ നിറഞ്ഞ കൈയടികൾക്ക് നടുവിലേക്ക് അവരെത്തി. മഹാരാജാസ് ഗ്രൗണ്ടിലെ ട്രാക്കിൽ നടന്ന ആദ്യ മത്സരമായ മിക്സഡ് സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പിൽപങ്കെടുക്കാനെത്തിയ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾ ഉത്സവ പ്രതീതിയിലായിരുന്നു. ഉറക്കെ ചിരിച്ചും വർത്തമാനം പറഞ്ഞും കൂടെ മത്സരിക്കുന്നവർക്ക് കൈയടിച്ച് പ്രോത്സാഹിപ്പിച്ചും മത്സരങ്ങളിൽ വീറും വാശിക്കുമൊപ്പം സന്തോഷം അലതല്ലി. ഫലപ്രഖ്യാപനം പലപ്പോഴും കണ്ണീരണിയിച്ചെങ്കിലും കൂടെയുള്ളവരെ ആശ്വസിപ്പിക്കാനും സഹമത്സരാർത്ഥികൾ ഒപ്പം കൂടുന്ന കാഴ്ച.ആശ്വാസമായി ചേർത്തുപിടിച്ച് അദ്ധ്യാപകരും സംഘാടകരും.

സംസ്ഥാന സ്കൂൾ കായിക മേളയുടെ ആദ്യ ദിനത്തിൽ ചേർത്തുപിടിക്കലിന്റെ നേർക്കാഴ്ചയായി നടന്ന ഇൻക്ലൂസീവ് സ്‌പോർട്‌സോട്സ് മത്സരവേദികളിൽ കാഴ്ചകൾ എല്ലാം സമാനമായിരുന്നു. വിജയങ്ങൾ അതിയായ സന്തോഷത്തിലേക്കും പരാജയങ്ങൾ ചിലപ്പോഴൊക്കെ അതിയായ സങ്കടങ്ങളിലേക്കും വഴിയൊരിക്കിയെങ്കിലും ഒന്നിനോടൊന്ന് മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവച്ചത്. കായികമേളയുടെ ചരിത്രത്തിലാദ്യമായി ഉൾപ്പെടുത്തിയ ട്രാക്കുണർന്നത്.

14 വയസിനു മുകളിലും 14 വയസിനു താഴെയുമുള്ള കുട്ടികളുടെ അത്‌ലറ്റിക്‌സ് ഇന മത്സരങ്ങളും ഫുട്ബാൾ മത്സരങ്ങളുമുൾപ്പെടെയുള്ളവയാണ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്നത്. എല്ലാവരെയും ചേർത്തുപിടിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ ദിനം ഇൻക്ലൂസീവ് സ്‌പോർട്‌സാക്കി മാറ്റിയത്.

14 ജില്ലകളിൽ നിന്നുമെത്തിയ 1600 ഓളം കായിക പ്രതിഭകളാണ് ഇൻക്ലൂസീവ് കായികമേളയിൽ പങ്കെടുത്തത്.

ആൺകുട്ടികൾക്കുള്ള ഫുട്ബോൾ, മിക്സഡ് ബാഡ്മിന്റൺ, 4 X 100 മീറ്റർ മിക്സഡ് റിലേ, കാഴ്ചപരിമിതർക്കുള്ള 100 മീറ്റർ, മിക്സഡ് സ്റ്റാൻഡിംഗ് ത്രോ എന്നീ മത്സരങ്ങളും നടന്നു.

വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി മന്ത്രി വി. ശിവൻകുട്ടി നേരിട്ടെത്തി. ഏറെ നേരം കായികതാരങ്ങൾക്കൊപ്പം ചെലവഴിച്ച മന്ത്രി പ്രധാന വേദിയോടു ചേർന്നുള്ള ഊട്ടുപുരയിൽ കുട്ടികൾക്കൊപ്പമിരുന്ന് ഉച്ചഭക്ഷണവും കഴിച്ചു. സാധാരണ ഒളിമ്പിക്സ് വേദിയിൽ പ്രധാന ഒളിമ്പിക്സ് അവസാനിച്ച ശേഷം പിന്നീടാണ് സവിശേഷപരിഗണന അർഹിക്കുന്നവർക്കായുള്ള പാരാലിമ്പിക്സ് നടത്താറ്.

ക്രമം തെറ്റാത്ത ക്രമീകരണം

രാവിലെ മുതൽ ക്രമം തെറ്റാത്ത ക്രമീകരണങ്ങളൊരുക്കിയാണ് സംഘാടകൾ ഇൻക്ലൂസീവ് സ്‌പോർട്‌സിനുള്ള കളമൊരുക്കിയത്. സ്റ്റാർട്ടിംഗ് പോയിന്റിലും ഫിനീഷിംഗ് പോയിന്റിലും കണ്ണിമ ചിമ്മാതെ ഒഫീഷ്യലുകൾ, കാലൊന്നിടറിയാലോ, ഒന്ന് തളർന്നാലോ, മുഖമൊന്ന് വാടിയാലോ ഒക്കെ അരികിലേക്ക് ഓടിയെത്താൻ സംഘാടകരുടെ കൂട്ടം റെഡി. തളരുന്നവർക്ക് താങ്ങാകാൻ സദാ സന്നദ്ധമായ മെഡിക്കൽ ടീം.
മത്സരാർത്ഥികൾക്കും ഒപ്പമെത്തിയവർക്കും ഇടയ്ക്കിടെ വെള്ളം നൽകാനും മത്സരാർത്ഥികൾക്ക് ലഘു ഭക്ഷണം സമയാസമയത്ത് എത്തിക്കാനും പ്രത്യേകം പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ടായിരുന്നു അധികൃതർ.


അണപൊട്ടിയ ആവേശം...

മത്സരഫലങ്ങൾ പ്രഖ്യാപിക്കുന്ന സമയത്ത് സ്റ്റേഡിയത്തിന് ചുറ്റും നിറഞ്ഞത് നിഷ്‌കളങ്കമായ ചിരികൾ, ആഘോഷങ്ങൾ ഒക്കെയായിരുന്നുവെന്നത് ശ്രദ്ധേയം. ജീവിതത്തിലെ പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട് മറികടക്കുന്നവരുടെ ആഘോഷങ്ങളും നേട്ടങ്ങളിൽ ഉള്ള് നിറക്കുന്ന പൊട്ടിച്ചിരികളുമെല്ലാം കണ്ടു നിന്നവരുൾപ്പെടെ സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്.