
കൊച്ചി: കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ വാൾവീശി ഇന്ത്യയ്ക്കായി വെള്ളിമെഡൽ ഉയർത്തിയ തലശേരി സായ് സ്‌പോർട്‌സ് സ്‌കൂളിലെ നിവേദ്യയും റീബയും സംസ്ഥാന സ്‌കൂൾ കായികമേളയിലും തലയെടുപ്പുള്ള താരങ്ങളായി. 19 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ എ.പി വിഭാഗത്തിലെ ഫൈനിലിൽ നേർക്കുനേർ എത്തിയ 'ചങ്കുകൾ' കടത്തനാടിന്റെ കരുത്ത് പോരാട്ടത്തിൽ പുറത്തെടുത്തു. തീപാറും മത്സരത്തിൽ നിവേദ്യ എൽ. നായർ സ്വർണത്തിൽ മുത്തമിട്ടു. റീബ ബെന്നിക്ക് വെള്ളിയിൽ ഒട്ടും നിരാശയുണ്ടായില്ല. വിജയം ഇരുവരും ഒന്നിച്ചാഘോഷിച്ചു.
ഈവർഷം ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഫെൻസിംഗ് ചാമ്പ്യൻഷിപ്പിലാണ് നിവേദ്യയും റീബയും രാജ്യത്തിനായി വെള്ളി കുത്തിയിട്ടത്. തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിവേദ്യ. ഇടുക്കി രാജാക്കാട് എൻ.ആർ.സിറ്റി സ്വദേശി ലതീഷ്.എസ്.നായർ -ദീപ എന്നിവരാണ് മതാപിതാക്കൾ. റായ്പൂരിൽ സ്ഥിര താമസമാക്കിയ ചങ്ങനാശേരി കിഴക്കെ അറക്കൽ ബെന്നി ജേക്കബിന്റെയും വടശേരിക്കര മങ്ങാട്ട് റീന ചാക്കോയുടെയും മകളാണ് റീബ. ചത്തീസ്ഖണ്ഡിനെ പ്രതിനിധീകരിച്ചാണ് ഫൈൻസിംഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ്.