kallu

കൊച്ചി: സവിശേഷ പരിഗണനയർഹിക്കുന്നവരുടെ സ്റ്റാൻഡിംഗ് ബാൾ ത്രോ മത്സരത്തിനിടെ സെക്ടർ മാറ്റി വരക്കേണ്ടി വന്നത് ആദ്യദിനത്തിലെ കല്ലുകടിയായി. 14 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിലെ 10-ാമത് ടീമായി ഇടുക്കി മത്സരിക്കാനെത്തിയപ്പോഴായിരുന്നു വിചിത്ര സംഭവങ്ങൾ. പുൽമൈതാനത്ത് ഫുട്ബാൾ മത്സരം നടക്കുന്നതിന് സമീപത്തായി സിന്തറ്റിക് ട്രാക്കിലാണ് മത്സരത്തിനുള്ള സെക്ടർ തയ്യാറാക്കിയത്. ഇടുക്കിയുടെ ആറംഗ ടീമിലെ ഏക ജനറൽ മത്സരാർത്ഥി ഗജാനന്ദ് സാഹു എറിഞ്ഞ സോഫ്റ്റ്ബാൾ സെക്ടർ കടന്ന് ട്രാക്കിന് പുറത്ത് 41 മീറ്ററോളം ദൂരത്താണ് വീണത്. പിന്നാലെ ടേപ്പിൽ കൃത്യമായി അളക്കാനാകുന്നില്ലെന്നുകാട്ടി ഒഫീഷ്യലുകൾ സെക്ടർ മാറ്റി വരയ്ക്കാൻ തീരുമാനിച്ചു. ആ ഏറ് കണക്കിൽ കൂട്ടിയുമില്ല.

ടീമിന്റെ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ഉൾപ്പെടെ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. മത്സരം നിറുത്തിവച്ച് 40 മിനിറ്റോളമെടുത്താണ് സിന്തറ്റിക് ട്രാക്കിൽ പുതിയ സെക്ടർ മാർക്ക് ചെയ്തത്. പിന്നീട് ഗജാനന്ദ് ഒരു തവണയെറിഞ്ഞത് 41 മീറ്ററിന് മുകളിലെത്തിയെങ്കിലും കാല് ഉയർന്നതോടെ ഫൗളായി. മത്സര ഫലം പ്രഖ്യാപിച്ചപ്പോൾ ടീം നാലാമതായി. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ ടീം മത്സരത്തിൽ ഒരു ജനറൽ വിഭാഗത്തിലെ ഒരു കുട്ടി ഉണ്ടാകുമെന്ന് ഒഫീഷ്യലുകൾക്ക് നേരത്തെ അറിയാമായിരുന്നിട്ടും ആവശ്യമായ ദൂരം കണക്കാക്കി സെക്ടർ വരക്കാഞ്ഞത് പ്രതിഷേധത്തിനിടയാക്കി.

നെടുങ്കണ്ടം പി.യു.പി.എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഗജാനന്ദ് ജില്ലാ തലത്തിൽ 48 മീറ്ററിലേറെ എറിഞ്ഞിരുന്നു. ഗജാനന്ദിന്റെ അച്ഛൻ നെടുങ്കണ്ടം സ്വദേശി നാഗരാജും അമ്മ മദ്ധ്യപ്രദേശ് സ്വദേശിനി ശ്യാമയും കൂലിപ്പണി ചെയ്താണ് മകന്റെ കായിക മികവിന് കരുത്താകുന്നത്.