
കൊച്ചി: വേഗത്തിൽ ഉയരത്തിൽ ഒന്നാകുവാൻ...ഒന്നിച്ചിടാം... മുന്നേറിടാം.. സംസ്ഥാന സ്‌കൂൾ കായികമേളയുടെ വേദിയിൽ ഇടയ്ക്കിടെ മുഴങ്ങുന്ന പ്രമോ ഗാനം ഹിറ്റായതിന്റെ ആഹ്ലാദത്തിലാണ് എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി. അലക്‌സാണ്ടർ.
കൂട്ടായ പങ്കാളിത്തവും മേളയുടെ വിജയവും ലക്ഷ്യമാക്കി ഒരു ഗാനം വേണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ തിരക്കിനിടയിലും ആ ഉദ്യമം ഏറ്റെടുത്താണ് ഗാനമൊരുക്കിയത്. മേളയുടെ ഒരുക്കങ്ങളുടെ തിരക്കിനിടയിൽ ഒറ്റ മണിക്കൂറുകൊണ്ടാണ് ഗാനം തയ്യാറായത്.
ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന മേളയ്ക്ക് ഒളിമ്പിക്സ് തീം ഉൾക്കൊണ്ടാണ് ഗാനമൊരുക്കിയത്. അദ്ധ്യാപിക അനു മരിയ റോസ്, ജോസഫ് വരാപ്പുഴ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സെബി നായരമ്പലമാണ് സംഗീതം.
ഗാലറിയിൽ മനോഹരമായ ചിത്രം കണ്ട് ഇഷ്ടപ്പെടുന്ന ഒരു അറബിയും കൂട്ടുകാരിയും ചിത്രകാരനെ അന്വേഷിച്ചു പോകുന്നതാണ് പ്രമേയം. ചെല്ലുമ്പോൾ ജന്മനാ കൈകളില്ലാത്ത പ്രണവ് മേളയുടെ ഭാഗ്യചിഹ്നമായ തക്കുടു എന്ന അണ്ണാറക്കണ്ണനെ വരക്കുന്നതുൾപ്പെടെ പ്രചോദനമേകുന്ന തരത്തിലാണ് വീഡിയോ.