
പറവൂർ: കവി, എഴുത്തുകാരൻ, വിവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പുത്തൻവീട്ടിൽ (രൂപകം) പറവൂർ ഗോപാലകൃഷ്ണണൻ (91) നിര്യാതനായി. പറവൂർ ഗവ.ബോയ്‌സ് ഹൈസ്‌കൂളിലെ റിട്ട. അദ്ധ്യാപകനാണ്. സംസ്കാരം ഇന്ന് 9.30ന്. ഭാര്യ: പരേതയായ നിർമല. മകൻ: രൂപേഷ്. മരുമകൾ: ശ്രുതി.
ഉൾപുളകങ്ങൾ, കണ്ണൻചിരട്ടകൾ, ചവിട്ടടി പാടുകൾ, മനുഷ്യൻ എവിടെ, കബന്ധഗീതം, തുളസീദലങ്ങൾ, കൈശോരം, കരുതിക്കാവുകൾ, ഭാരതസ്‌മൃതി തുടങ്ങിയവ അദ്ദേഹത്തിന്റെ കാവ്യസമാഹാരങ്ങളാണ്. ദൈവദശകം, ജ്‌ഞാനപ്പാന, രമണൻ തുടങ്ങിയവ ഇംഗ്ലീഷിലേക്കും സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ് ടാഗോർ തുടങ്ങിയവരുടെ കാവ്യഗീതികൾ മലയാളത്തിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. ഒട്ടേറെ ഇംഗ്ലീഷ് കവികളുടെ കൃതികളും മലയാളത്തിലേക്ക് തർജമചെയ്തു.
* ഓർമ്മയാകുന്നത് സാഹിത്യപ്രതിഭ
പറവൂർ: 13-ാം വയസിൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നപ്പോഴേ കവിതകൾ എഴുതിത്തുടങ്ങിയ അദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലുമായി നാലായിരത്തോളം കവിതകൾ രചിച്ചു. പറവൂർ ഗവ.ബോയ്‌സ് ഹൈസ്ക്‌കൂളിൽ ബയോളജി അദ്ധ്യാപകനായിരുന്ന അദ്ദേഹം 1989ൽ വിരമിച്ചശേഷം മുഴുവൻ സമയവും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
അക്കിത്തം, പി. ഭാസ്‌കരൻ, എം. ലീലാവതി തുടങ്ങിയവർ അദ്ദേഹത്തിന്റെ കൃതികൾക്ക് അവതാരിക എഴുതിയിട്ടുണ്ട്. ഷെല്ലി സ്‌മാരക പുരസ്‌കാരം, കട്ടക്കയം അവാർഡ്, ചങ്ങമ്പുഴ സ്‌മാരക അവാർഡ്, മഹാകവി പി. ജന്മശതാബ്ദി അവാർഡ്, കാരിത്താസ് കവിതാ പുരസ്‌കാരം, അന്തർദേശീയ യുവജനവർഷ പുരസ്‌കാരം, ഓണം പുരസ്‌കാരം, മാനവ സംസ്‌കൃതി നവരാത്രി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.