fisil

കൊച്ചി: കേരനിരകളാടും ഒരു ഹരിത ചാരു തീരം...

വിസിലടിച്ച് പാടിയ പാട്ടിന്റെ ഈണം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ സ്കൂൾ കായിക മേളയുടെ ഭക്ഷണശാലയിൽ നിറഞ്ഞുനിന്നു. എറണാകുളം ആസ്ഥാനമായ വേൾഡ് ഒഫ് വിസിലേഴ്‌സിലെ (വൗ) അംഗങ്ങളാണ് വിസിലടിച്ച് കാണികളുടെ മനം കവർന്നത്.

ഏറ്റവും കൂടുതൽ ആൾക്കാർ ഒരുമിച്ച് ചൂളമടിച്ച് പാട്ടുപാടിയതിന് ഗിന്നസ് വേൾഡ് റെക്കാഡും ലിംകാ ബുക്ക് ഒഫ് റെക്കാഡും സ്വന്തമാക്കിയ സംഘടനയാണ് വൗ.

കേരളപ്പിറവി മാസം പ്രമാണിച്ച് കേരനിരകളാടും...മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവിനു വേണ്ടി അണ്ണാറക്കണ്ണാ വാ...ഭക്ഷണമൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിക്കായി ചെമ്പാവ് പുന്നെല്ലിൻ ചോറോ...മേളയിലെത്തിയ മലബാറുകാർക്കായി മാപ്പിളപ്പാട്ട്... ഇടതു സർക്കാരിനു വേണ്ടി ബലികുടീരങ്ങളെ അങ്ങനെ നീളുന്നു അവതരിപ്പിച്ച വിസിലടിപ്പാട്ടിന്റെ നിര.

എസ്.പി.ബി പാടിയ മണ്ണിലിന്ത കാതൽ പാട്ടുമായെത്തിയത് ശ്രുതി സാന്ദ്രയെന്ന 12 കാരിയാണ് എല്ലാവരുടെയും മനം കവർന്നത്.

ജ്യോതി കമ്മത്ത്, ബിജോയ്. എം.കെ, ഉണ്ണിക്കൃഷ്ണൻ, വിനോദ് രാജ്, അശ്വതി, റെജി രവി, ലത്തീഫ്, ജിഷ ജൂബി എന്നിവരാണ് ചൂളമടിച്ചു പാട്ടു പാടിയത്.

മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക തുടങ്ങിയയിടങ്ങളിൽ നിന്നായി 300ലേറെ ചൂളമടി പാട്ടുകാർ അംഗങ്ങളായുള്ള സംഘടനയാണ് വൗ. കച്ചേരി, ഭജന, സ്റ്റേജ് ഷോകൾ നടത്താറുണ്ട്. കരോക്കെയും സംഗീതോപകരണങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളും ചെയ്യാറുണ്ട്.