
കൊച്ചി: മെഡലിനായി ഒരുമിച്ചുവന്നു, സ്വർണവും വെള്ളിയുമായി ഒന്നിച്ചു മടങ്ങി. സീനിയർ പെൺകുട്ടികളുടെ ഫെൻസിംഗ് സാബർ പോരാട്ടത്തിലാണ് തലശേരി ഗവ. ടൗൺ എച്ച്.എസ്.എസിലെ തിയയും ബെർണിസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചത്. ഒടുവിൽ 15- 8ന് പത്താം ക്ലാസുകാരി ഇ. തിയ, ഒൻപതാം ക്ലാസുകാരി എ. ബെർണിസിനെ പരാജയപ്പെടുത്തി സ്വർണം നേടി. തലശേരി സായിയിൽ കോച്ച് സാഗറിന് കീഴിൽ ഒരുമിച്ചാണ് പരിശീലനം.
ദേശീയ മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള ഇരുവരും ഉറ്റ ചങ്ങാതിമാരെങ്കിലും പോരാട്ടവേദിയിൽ ആ പരിചയത്തിന്റെ ആനുകൂല്യമൊന്നും നൽകിയതേയില്ല. എന്നാൽ മത്സരം തീർന്നതിനു പിന്നാലെ നിറചിരിയോടെ കെട്ടിപ്പിടിച്ച് സ്വർണത്തിന്റെയും വെള്ളിയുടെയും സന്തോഷം പങ്കിട്ട ഇരുവരും ആ വേദിയിലൊന്നാകെ ഓടി നടന്നതും ഒരുമിച്ച് കൈപിടിച്ചാണ്.