തൃപ്പൂണിത്തുറ: സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രധാന ഇനമായ നെറ്റ് ബോൾ മത്സരവേദിയായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂളിലെ ഒരുക്കങ്ങൾ പൂർത്തിയായതായി ഡി.ഇ.ഒ അറിയിച്ചു. സീനിയർ ജൂനിയർ പെൺകുട്ടികളുടെ മത്സരഇനമായ ക്രിക്കറ്റ് ടൂർണമെന്റ് പാലസ് ഓവലിൽ തുടങ്ങി. ഇന്നും നാളെയുമായി ബോയ്സ് ഗ്രൗണ്ടിൽ നടക്കുന്ന നെറ്റ് ബാളിൽ 456 വിദ്യാർത്ഥികളാണ് മത്സരിക്കുന്നത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒഫീഷ്യൽസിനും താമസിക്കാനുള്ള സ്ഥലവും 1000 ഓളം പേർക്കുള്ള ഭക്ഷണവും (സദ്യാലയം) ഒരുക്കിയിരിക്കുന്നത് ഈ സ്കൂളിൽ തന്നെയാണ്.
അസംബ്ലി ഗ്രൗണ്ട് തടസം
മത്സരിക്കാനുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരടക്കം എത്തുമ്പോൾ സ്കൂൾ അസംബ്ലി ഗ്രൗണ്ടിൽ പില്ലറുകളിൽനിന്ന് ഉയർന്നുനിൽക്കുന്ന ഇരുമ്പുകമ്പികൾ തടസമാകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ബി.എഡ് കോളജിനുവേണ്ടി നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ അവശിഷ്ടമാണിത്. ഒരു മാസത്തിനകം ഇത് നീക്കംചെയ്ത് സ്ഥലം പൂർവ്വസ്ഥിതിയിലാക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ കാലാവധി കഴിഞ്ഞെങ്കിലും ബന്ധപ്പെട്ട കക്ഷികൾ ഇത് നീക്കം ചെയ്യാൻ തയ്യാറായിട്ടില്ല.