road
എടത്തല ഗ്രാമീണ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കുഞ്ചാട്ടുകര - മുതിരക്കാട്ടുമുകൾ റോഡ് കുത്തിപ്പൊളിച്ചിരിക്കുന്നു

ആലുവ: എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ഒമ്പത് മാസം മുമ്പ് നിർമ്മാണോദ്ഘാടനം നടത്തിയ തേവയ്ക്കൽ – വാഴക്കുളം ഗ്രാമീണ ഹൈവേ നിർമ്മാണം ഇഴയുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. കേന്ദ്രസർക്കാർ അനുവദിച്ച 7.16 കോടി രൂപ ചെലവിൽ എടത്തലയിലെ തേവയ്ക്കൽ മുതൽ കുഞ്ചാട്ടുകര, ശാന്തിഗിരി വഴി തെക്കേ വാഴക്കുളത്ത് അവസാനിക്കുന്ന എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രാമീണ ഹൈവേ നിർമ്മാണം കഴിഞ്ഞ ഫെബ്രുവരിയിൽ ബെന്നി ബെഹനാൻ എം.പിയാണ് ഉദ്ഘാടനം ചെയ്തത്.

ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും നിർമ്മാണം ആരംഭിച്ചത് രണ്ട് മാസം മുമ്പ് മാത്രം. കുഞ്ചാട്ടുകര - മുതിരക്കാട്ടുമുകൾ റോഡിൽ ഒരു കിലോമീറ്ററിലേറെ ഭാഗം ടാറിംഗ് പൂർണമായി ഇളക്കിയ ശേഷം മെറ്റൽ വിരിച്ചിട്ട് രണ്ട് മാസത്തോളമായി. പിന്നീട് ഇവിടെ നിർമ്മാണമൊന്നും നടന്നിട്ടില്ല. ഇപ്പോൾ ശാന്തിഗിരി - വടാശേരി ഭാഗത്ത് കനാൽ സൈഡിൽ സംരക്ഷണ ഭിത്തി നിർമ്മാണമാണ് നടക്കുന്നത്. സംരക്ഷണ ഭിത്തി പൂർണമായി നിർമ്മിച്ച ശേഷം റോഡ് കുത്തിപ്പൊളിക്കേണ്ടതിന് പകരം ആദ്യം റോഡ് പൊളിച്ചതാണ് ദുരിതമായത്. കാൽനടയാത്രയും ദുസ്സഹമായി. ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ പോകാതെയായി. പോയാൽ ആവശ്യപ്പെടുന്ന കൂലിയും നൽകണം.

നേരത്തെ ഗ്രാമീണ ഹൈവേ അനിശ്ചിതത്വത്തിലായത് തീരുമാനിച്ചതനുസരിച്ച് റോഡിന് വീതി ലഭിക്കാത്തതിനാലാൽ വാഴക്കുളത്ത് നിന്ന് കളക്ട്രേറ്റ്, മെഡിക്കൽ കോളേജ് തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന റോഡാണിത് പെരിയാർവാലി ഇടപ്പള്ളി ബ്രാഞ്ച് കനാൽ ഓരത്തുകൂടി മാത്രം കടന്ന് പോകുന്ന റോഡിന് പ്രത്യേകമായി സ്ഥലം കണ്ടെത്തേണ്ടതില്ല എൻ.എ.ഡി ഡംബിംഗ് യൂണിറ്റ് പരിസരം ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ വീതി കുറവുണ്ടായെങ്കിലും അത് പരിഹരിക്കപ്പെട്ടു

ഗ്രാമീണ ഹൈവേ കടന്നു പോകുന്നത്

എടത്തലയിലെ 5,6,7,8,9,12,13,15 വാർഡുകളിലൂടെ

ഹൈവേയുടെ ആകെ ദൂരം

8കിലോമീറ്റർ

നിർമ്മാണം വേഗത്തിലാക്കിയില്ലെങ്കിൽ

സമരമെന്ന് സി.പി.എം

എടത്തലയിലെ ഗ്രാമീണ ഹൈവേയുടെ നിർമ്മാണം വേഗത്തിലാക്കിയില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് സി.പി.എം എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു. ലോക്കൽ സെക്രട്ടറി എം.എം. ഖിള്ളർ, ഏരിയ കമ്മിറ്റി അംഗം ടി.ആർ. അജിത് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.പി. ശിവകുമാർ, എം.ഐ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.