മൂവാറ്റുപുഴ: എഴുത്തച്ഛൻ പുരസ്കാര ജേതാവ് ടി. പത്മനാഭന് മൂവാറ്റുപുഴ മേള ഫൈൻ ആർട്ട്സ് സൊസൈറ്റി സ്വീകരണമൊരുക്കുന്നു. ‘കഥയുടെ കുലപതിയോടൊപ്പം ഒരു സർഗസായാഹ്നം’ എന്ന പേരിൽ നാളെ വൈകിട്ട് 5ന് മേള ഓഡിറ്റോറിയത്തിലാണ് സ്വീകരണ പരിപാടി. പായിപ്ര രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. മേള പ്രസിഡന്റ് പി.എം. ഏലിയാസ് അദ്ധ്യക്ഷനാകും. ടി. പത്മനാഭന്റെ പുസ്തകങ്ങളുടെ പ്രദർശനവുമുണ്ടാകും. പായിപ്ര രാധാകൃഷ്ണൻ എഡിറ്റ് ചെയ്ത ‘അങ്ങനെ ഒരാൾ മാത്രം- എം.പി. നാരായണപിള്ള സ്മൃതിലേഖ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. തുടർന്ന് വൈകിട്ട് 7ന് ടി. പത്മനാഭന്റെ ജീവിതവും കഥകളും പ്രമേയമാക്കി ഒരുക്കിയ ‘നളിനകാന്തി’ സിനിമ പ്രദർശിപ്പിക്കും.