• സംഘടനാ, പാർട്ടി പോസ്റ്ററുകൾ പടിക്ക് പുറത്ത്
കൊച്ചി: ജീവനക്കാരുടെ അവകാശ പോരാട്ടങ്ങൾക്കും പണിമുടക്ക് അറിയിപ്പിനും സർവീസ് സംഘടനകളുടെ കൊടിതോരണങ്ങൾക്കും ഈ കാര്യാലയത്തിന്റെ ചുമരുകളിൽ സ്ഥാനമില്ല, പകരം അറിയിപ്പുകളും മാർഗനിർദ്ദേശങ്ങളും മാത്രം.
ഒക്കൽ പഞ്ചായത്ത് കാര്യാലയമാണ് ജനസേവനത്തിന്റെ പുതിയ മാതൃക. പ്രധാന കവാടത്തിലെ 5 ശിലാഫലകങ്ങൾ ഒക്കൽ പഞ്ചായത്തിന്റെ ചരിത്രത്തിലേക്ക് വിരൽചൂണ്ടും. പുറമേ കണ്ണോടിച്ചാൽ ഒരുപിടി അറിവുകൾ നേടാം. വരാന്തയുടെ ഇടത് വശത്തുനിന്ന് തുടങ്ങിയാൽ ആദ്യം പരാതിപ്പെട്ടികളാണ്. ലഹരിക്കെതിരായ പരാതി നൽകാൻ എക്സൈസിന്റെ പെട്ടി, പിന്നെ ജില്ലാ പൊലീസ് മേധാവിയുടെ പരാതിപ്പെട്ടി, പഞ്ചായത്തുമായി ബന്ധപ്പെട്ട പരാതികൾക്ക് വേറൊരു പെട്ടി. ഇതുകഴിഞ്ഞാൽ നോട്ടീസ് ബോർഡാണ്. സിറ്റിസൺസ് അസിസ്റ്റൻസ് എന്ന പേരിൽ പൗരന്മാർക്കുവേണ്ടിയുള്ള പൊതുവായ അറിയിപ്പുകൾ വേറെ. പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഘടക സ്ഥാപനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ, തെരുവുനായ ആക്രമണത്തിന് ഇരയായാൽ നഷ്ടപരിഹാരത്തിന് സമീപിക്കേണ്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്രിയുടെ വിലാസം, ഹരിത കർമ്മസേനയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ എന്നിവ നിരത്തിയുണ്ട്.
പൊതുജനങ്ങൾക്ക് ആവശ്യത്തിന് വിശ്രമസൗകര്യങ്ങളും ശൗചാലയവുമുണ്ട്. സാധിക്കുമെങ്കിൽ അപേക്ഷിക്കുന്ന ദിവസം തന്നെ പ്രശ്നപരിഹാരം എന്നതാണ് ജീവനക്കാരുടെ രീതി. അതുകൊണ്ട് ഓഫീസ് സമയത്ത് പൊതുജനങ്ങൾ കാത്തുനിന്ന് മുഷിയുന്ന സാഹചര്യമില്ല. വടക്കേ ഇന്ത്യൻ ഗ്രാമകൂട്ടായ്മകളെ അനുസ്മരിപ്പിക്കുന്ന അരയാൽത്തറയാണ് ഒക്കൽ ഗ്രാമഭരണ സിരാകേന്ദ്രത്തിന്റെ മറ്റൊരു ആകർഷണീയത.
എം.സി. റോഡിൽനിന്ന് അല്പം ഉള്ളിലേക്ക് മാറി നിശബ്ദമായ ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് മുറ്റത്തിന് ഈ അരയാൽത്തണലും ഒരു അലങ്കാരമാണ്. അത്യാവശ്യം നാട്ടുവർത്തമാനം പറഞ്ഞിരിക്കാൻ വിശാലമായ ആൽത്തറയുമുണ്ട്. 2000ലാണ് ഒക്കൽ പഞ്ചായത്ത് നിലവിൽ വന്നത്. 2020ലെ ഭരണസമിതി അധികാരത്തിൽ വന്നശേഷം മഹാത്മാഗാന്ധിയുടെ വലിയൊരു പ്രതിമ അരയാൽത്തണലിൽ സ്ഥാപിച്ചു.
''ഹരിത പെരുമാറ്റചട്ടം പൂർണ്ണമായും പാലിക്കുക എന്ന നയത്തിന്റെ ഭാഗമായായി പ്ലാസ്റ്റിക്, ഫ്ലെക്സ് കൊടിതോരണങ്ങൾക്ക് ഈ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ സ്ഥാനമില്ല. പരമാവധി ജനസൗഹൃദമായി ഭരണം നടത്തുകയെന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം''
ടി.എൻ. മിഥുൻ
പ്രസിഡന്റ്