മൂവാറ്റുപുഴ: വന ഭംഗിയുടെ വിസ്മയ കാഴ്ചകളിൽ പീച്ചി വന്യജീവി സങ്കേതത്തിൽ സംഘടിപ്പിച്ച ക്ലൈമറ്റ് വാക് അഡ്വഞ്ചർ ട്രെക്കിംഗ് ക്യാമ്പിന് സമാപനം. പശ്ചിമഘട്ട സംരക്ഷണം ലക്ഷ്യമാക്കി പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ, മൂവാറ്റുപുഴ മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി എന്നിവർ ചേർന്നാണ് അഡ്വഞ്ചർ ക്യാമ്പ് സംഘടിപ്പിച്ചത്. പീച്ചി, ചിമ്മിനി വനമേഖലകളിലെ അതുല്യമായ ജൈവവൈവിദ്ധ്യത്തെ നേരിട്ട് അനുഭവിക്കാൻ ഉൾവനത്തിലേക്കുള്ള പ്രത്യേക സാഹസിക യാത്രകളിലും പങ്കെടുക്കാൻ ക്യാമ്പ് അംഗങ്ങൾക്ക് അവസരം ലഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന കൺവെൻഷനിൽ അസീസ് കുന്നപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സഹീർ മേനാമറ്റം, പി.ബി. അസീസ്, അഫ്സൽ, ഷാജി പ്ലോട്ടില, തുടങ്ങിയവർ സാഹസിക യാത്രയ്ക്ക് നേതൃത്വം നൽകി. വനം വകുപ്പ് ഉദ്യോഗസ്ഥരായ ബെസ്റ്റിൻ വർഗീസ്, സേതുമാധവൻ, രഞ്ജിത്ത്, ഗൈഡുകളായ ആർഷാദ്, സുനീത്ത്, ഉമേഷ് എന്നിവർ പ്രവർത്തനങ്ങളിൽ സഹായിച്ചു. ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.