ആലുവ: തർക്കത്തെ തുടർന്ന് സമ്മേളനത്തിൽ സെക്രട്ടറിയെ നിശ്ചയിക്കാൻ കഴിയാതിരുന്ന സി.പി.എം ആലുവ ടൗൺ ലോക്കൽ കമ്മിറ്റി യോഗം ഇന്നലെ വീണ്ടും ചേർന്ന് സെക്രട്ടറിയായി പോൾ വർഗീസിനെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി നിർദ്ദേശപ്രകാരം ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എം.കെ. ബാബുവാണ് പോൾ വർഗീസിന്റെ പേര് നിർദ്ദേശിച്ചത്. ചില അംഗങ്ങൾ എതിരഭിപ്രായം രേഖപ്പെടുത്തിയെങ്കിലും ജില്ലാ കമ്മിറ്റി തീരുമാനം നടപ്പാക്കണമെന്ന് നിരീക്ഷകൻ നിർദ്ദേശിക്കുകയായിരുന്നു. ഏരിയ സെക്രട്ടറി എ.പി. ഉദയകുമാറും യോഗത്തിൽ പങ്കെടുത്തു. നിലവിൽ സെക്രട്ടറിയായിരുന്ന പോൾ വർഗീസും മുൻ സെക്രട്ടറി രാജീവ് സക്കറിയയും മത്സര രംഗത്ത് ഉറച്ചുനിന്നതാണ് രണ്ടാഴ്ച മുമ്പ് നടന്ന സമ്മേളനത്തെ പ്രതിസന്ധിയിലാക്കിയത്.