water
കരുമാല്ലൂർ വില്ലേജ് ഓഫീസിനടുത്ത് ശുദ്ധജല വിതരണ പൈപ്പ് തകർന്ന് കുടിവെള്ളം ഒഴുകിപ്പോകുന്നു

ആലങ്ങാട്: രണ്ടിടത്ത് ശുദ്ധജലവിതരണ കുഴൽ പൊട്ടിയതോടെ കരുമാലൂർ- കോട്ടുവള്ളി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. ആലുവ- പറവൂർ പ്രധാന റോഡിൽ കരുമാലൂർ വില്ലേജ് ഓഫിസിന് മുന്നിലും കോട്ടുവള്ളി- പറവൂർ റോഡിൽ തോന്ന്യകാവിന് സമീപവുമാണ് ഇന്നലെ ശുദ്ധജലവിതരണ കുഴൽ പൊട്ടിയത്. മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന 250 എം.എം വ്യാസമുള്ള കുഴലാണ് കരുമാലൂരിൽ പൊട്ടിയത്. അടിക്കടി പൈപ്പ് പൊട്ടലും റോഡ് കുത്തിപ്പൊളിച്ചു നടത്തുന്ന അറ്റകുറ്റപ്പണിയും മൂലം ജനങ്ങൾ ദുരിതത്തിലാണ്. പരാതിയുമായി ചെന്നാൽ കുഴലുകളുടെ കാലപ്പഴക്കമാണ് അടിക്കടി പൊട്ടാൻ കാരണമെന്ന് പറഞ്ഞ് അധികൃതർ ഒഴിഞ്ഞു മാറുന്നുവെന്നാണ് ആക്ഷേപം. കരാറുകാരൻ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ച് മടങ്ങുന്നതിന് പിന്നാലെ വീണ്ടും പൈപ്പ് പൊട്ടുന്ന അവസ്ഥയാണ് കഴിഞ്ഞ കുറെ നാളുകളായി ഉള്ളത്. ശുദ്ധജലത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോഴാണ് ഈ ദുരവസ്ഥ. ഇത്തരം അവസ്ഥകളിൽ ജനപ്രതിനിധികളുടെ നിസംഗത പലപ്പോഴും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.