krishi
കടുങ്ങല്ലൂർച്ചാലിലെ നൂറേക്കറിൽ കൃഷിവകുപ്പും പഞ്ചായത്തും മുൻകൈയെടുത്തുള്ള നെൽക്കൃഷിയുടെ വിത്ത് വിതക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മൂന്നര പതിറ്റാണ്ടിലേറെയായി തരിശായി കിടന്ന കടുങ്ങല്ലൂർച്ചാലിലെ നൂറേക്കറിൽ കൃഷിവകുപ്പും പഞ്ചായത്തും മുൻകൈയെടുത്ത് നെൽക്കൃഷിയിറക്കി. കഴിഞ്ഞ രണ്ട് വർഷവും പരീക്ഷണാർത്ഥം ഇവിടെ ഭാഗികമായി കൃഷിയിറക്കിയത് വിജയകരമായതിനെ തുടർന്നാണ് നൂറ് ഏക്കറിലും കൃഷി ചെയ്യാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലും കൃഷി ഓഫീസർ നെയ്മ നൗഷാദ് അലിയും പറഞ്ഞു.
കുട്ടനാടിൽ നിന്നുള്ള നാല് കർഷകരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ഉമ വിത്താണ് വിതച്ചിട്ടുള്ളത്. 120 ദിവസം കൊണ്ട് വിളവെടുപ്പ് സാദ്ധ്യമാകും. വിത്ത് വിതയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് കെ.എൻ. ഉദയൻ അദ്ധ്യക്ഷനായി. ജി. പ്രവീൺ ലാൽ, ഡി. സുനിൽ, കെ.ആർ. രാമചന്ദ്രൻ, ബേബി സരോജം, ഓമന ശിവശങ്കരൻ, സജിവ് കുമാർ തത്തയിൽ, ബാബു ഉലഹന്നാൻ, ഷിബു രാഘവൻ, അനിമോൻ അഗസ്തി, അജിമോൻ കുട്ടനാട് തുടങ്ങിവർ സംസാരിച്ചു.