കോലഞ്ചേരി: സ്കൂൾ കായിക മേളയിൽ സർവ സജ്ജരായി മെഡിക്കൽ ടീം. അറബി അദ്ധ്യാപകരുടെ സംഘടനയായ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനാണ് മെഡിക്കൽ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. ഇന്നലെ നടന്ന വുഷു വേദിയിലാണ് ഏറ്റവും കൂടുതൽ അപകടമുണ്ടായത്. ആയോധന കലയിലെ അത്യന്തം അപകടകാരിയാണ് വുഷു. 193 ഇനങ്ങളിലായി 242 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മത്സരത്തിൽ പരിക്ക് പറ്റിയ 70 ഓളം പേർ മെഡിക്കൽ വിംഗിൽ ചികിത്സ തേടി. വിദഗ്ദ്ധ ചികിത്സ വേണ്ട 10 പേരെ കോലഞ്ചേരി മെഡിക്കൽ മിഷനിലേയ്ക്ക് മാറ്റി. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി വിഭാഗങ്ങളിലായിവിദഗ്ദ്ധ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുമായി കോലഞ്ചേരിയിലെ 3 വേദികളിൽ 60 അംഗ ടീമാണ് സജ്ജമായിരിക്കുന്നത്. കോലഞ്ചേരി മെഡിക്കൽ കോളേജ്, കടയിരുപ്പ് ഗവ. ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും സേവനത്തിനുണ്ട്. ഇതിന് പുറമേ ആയുർവേദ വിഭാഗത്തിൽ കായിക രംഗത്ത് ഇടപെടലുകൾ കൊണ്ട് ശ്രദ്ധയമായ സ്‌പോർട്‌സ് ആയുർവേദ ടീമും കോലഞ്ചേരിയിലെ 3 വേദികളിലുമുണ്ട്. ദേശീയ തലത്തിൽ കായിക മത്സരങ്ങൾക്കും ഇവർക്കാണ് 26 അംഗ ടീമിനാണ് ചുമതല. അഞ്ച് ആംബുലൻസുകളും വേദിയിൽ സജ്ജമാണ്. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ഓർഗനൈസിംഗ് സെക്രട്ടറി കെ.എ. നൗഷാദ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അനീസലി ഇടുക്കി,
എം.എം. നാസർ എന്നിവർക്കാണ് ചുമതല.