കാക്കനാട്: തൃക്കാക്കര നഗരസഭയിൽ പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11.30ന് കൗൺസിൽ ഹാളിൽവച്ച് നടക്കും. ഡെപ്യൂട്ടി കളക്ടർ വിപിൻകുമാറാണ് വരണാധികാരി. ഏഴ് അംഗങ്ങളുള്ള സ്ഥിരംസമിതിയിൽ എൽ.ഡി.എഫ് 3, യു.ഡി.എഫ് 3, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. വനിതാ സംവരണമായ സ്ഥിരം സമിതിയിൽ യു.ഡി.എഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്രനായ ഇ.പി. കാദർകുഞ്ഞ് കഴിഞ്ഞ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തുടർന്ന് അന്നത്തെ സ്ഥിരംസമിതി അദ്ധ്യക്ഷയായ കോൺഗ്രസ് അംഗം സോമി റെജിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് കൊടുത്തിരുന്നു . അവിശ്വാസം ചർച്ചചെയ്യുന്ന ദിവസത്തിന് മുമ്പേതന്നെ ഇവർ അദ്ധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. ഇതിനിടെ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ലാലി ജോഫിൻ കമ്മിറ്റിയിൽനിന്ന് രാജിവച്ച് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ​ സ്ഥാനത്തേക്കുള്ള നോമിനേഷൻ കൊടുത്തു. എന്നാൽ ഇത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് വിദഗ്ദ്ധ അഭിപ്രായം. എൽ.ഡി.എഫ് സ്ഥാനാർത്ഥി റസിയ നിഷാദ് സെക്രട്ടറിക്ക് മുന്നിൽ ഇന്നലെ നോമിനേഷൻ സമർപ്പിച്ചു. ഇന്ന് രാവിലെ പത്തരവരെയാണ് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാനസമയം.