h
സമീപത്തെ വൈദ്യുത ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന മാഞ്ചിയം

• അപകടഭീഷണിയുമായി വൈദ്യുതലൈനിലേക്ക് ചാഞ്ഞ് മരം

ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്ത് ആറാംവാർഡ് വെട്ടിക്കൽ ലക്ഷംവീട് കോളനിയിൽ റോഡരികിലെ വൈദ്യുതലൈനിലേക്ക് ചാഞ്ഞുനിൽക്കുന്ന മാഞ്ചിയം ഭീഷണിയായി തുടരുന്നു. മരം വെട്ടിനീക്കണമെന്ന ആവശ്യം അധികാരികൾ ഗൗനിക്കുന്നേയില്ല. സമീപത്തെ ഭിന്നശേഷിക്കാർ പഠിക്കുന്ന വിദ്യാലയത്തിലെ സ്കൂൾ ബസുകളും സ്വകാര്യ കമ്പനിയിലെ ജീവനക്കാർ അടക്കം നൂറുകണക്കിന് വാഹനങ്ങളും പോകുന്ന വഴിയിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന മരം ചെറിയ കാറ്റിൽപ്പോലും മറിഞ്ഞുവീഴാൻ സാദ്ധ്യതയുണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല.

വെട്ടിക്കൽ തുപ്പുംപടി റോഡിൽ ലക്ഷംവീട് കോളനിയിൽ ലൈഫ്‌മിഷൻ പദ്ധതിയുടെ ഭാഗമായി നാലുവീടുകളുടെ നിർമ്മാണം നടക്കുന്നതിന്റെ ഭാഗമായി മണ്ണ് മാറ്റിയതിനെത്തുടർന്നാണ് മരം ചരിഞ്ഞത്. വൈദ്യുതലൈനിലേക്ക് അപകടകരമായ രീതിയിൽ ചരിഞ്ഞുനിൽക്കുന്ന മരം മുറിച്ചുനീക്കണമെന്ന് സമീപവാസികൾ പഞ്ചായത്ത് അധികൃതരെയും വാർഡ് മെമ്പറെയും അറിയിച്ചിട്ടും തുടർനടപടിയൊന്നുമില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കം പങ്കെടുത്ത വീടുകളുടെ നിർമ്മാണോദ്ഘാടന വേദിയിൽ സമീപവാസികൾ പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിച്ചിട്ടും തുടർനടപടിയില്ലെന്നു മാത്രം.

ആദിവാസി വിഭാഗത്തിൽപ്പെട്ട നാലുകുടുംബങ്ങൾക്ക് വീട് പണിയുന്നതിന്റെ ഭാഗമായി 16ലക്ഷംരൂപയാണ് അനുവദിച്ചിട്ടുള്ളത്. 450 സ്ക്വയർ ഫീറ്റുള്ള വീട് നിർമ്മിക്കുന്നതിന് ഇത്രയും തുക മതിയാവില്ല. വീടിന്റെ അടിത്തറ നിർമ്മാണം നടക്കുന്നതിനിടയിൽ മണ്ണ് മാറ്റിയപ്പോഴാണ് മരം അപകടകരമായ സ്ഥിതിയിൽ വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞത്. വിവരം കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചെങ്കിലും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതിന് വീട്ടുടമസ്ഥരിൽനിന്ന് 12,000 രൂപ ആവശ്യപ്പെട്ടു. സാമ്പത്തികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് തുക നൽകാൻ സാധിക്കാത്തതിനാൽ മരം മുറിച്ചുനീക്കുവാൻ നടപടി​യൊന്നും സ്വീകരി​ച്ചി​ല്ല.

ഉടനെ മരം വെട്ടിമാറ്റുവാൻ നടപടി സ്വീകരിക്കും

കെ.കെ. സിജു

വാർഡ് മെമ്പർ

വൈദ്യുതലൈൻ അഴിച്ചുമാറ്റുന്നതിനാണ് പണം അടക്കേണ്ടത്. കണക്ഷൻ വിച്ഛേദിക്കുന്നതിന് പണം ആവശ്യമില്ല. അപേക്ഷ നൽകിയാൽ നടപടി സ്വീകരിക്കും

അസിസ്റ്റന്റ് എൻജിനിയർ

കെ.എസ്.ഇ.ബി മുളന്തുരുത്തി