
കൊച്ചി: വിദ്യാഭ്യാസ രംഗത്തുൾപ്പെടെ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് അടിത്തറ പാകിയത് മുൻ മുഖ്യമന്ത്രിയും സാമൂഹികപ്രവർത്തനുമായ ആർ. ശങ്കറാണെന്ന് മന്ത്രി വി.എൻ. വാസവൻ. ആർ. ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ആർ. ശങ്കർ 52-ാം സമാധിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ പരിവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് ഭരണാധികാരിയെന്ന നിലയിൽ ശങ്കർ വഹിച്ചു. വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശമാണ് അദ്ദേഹത്തെ നയിച്ചതെന്നും മന്ത്രി പറഞ്ഞു.
ട്രസ്റ്റിന്റെ ആർ. ശങ്കർ പ്രവാസി അവാർഡ് ഡൽഹിയിലെ ശ്രീനാരായണകേന്ദ്ര പ്രസിഡന്റ് ബീന ബാബുറാം,സി.വി കുഞ്ഞുരാമൻ സ്‌മാരക പത്രപ്രവർത്തക അവാർഡ് കേരളകൗമുദി ഡൽഹി ബ്യൂറോ ചീഫ് പ്രസൂൻ എസ്. കണ്ടത്ത്,ആർ. ശങ്കർ ദിനമണി പത്രപ്രവർത്തക പുരസ്‌കാരങ്ങൾ കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ സുനിൽകുമാർ,മാധ്യമം നിയമകാര്യ ലേഖകൻ പി.എ.ർ സുബൈർ എന്നിവർക്ക് മന്ത്രി സമ്മാനിച്ചു.
ട്രസ്റ്റ് ചെയർമാൻ എസ്. സുവർണകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.കെ. മോഹൻദാസ്,ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു,എസ്.എൻ.ജി.സി സീനിയർ വൈസ് പ്രസിഡന്റ് ജി.രാജേന്ദ്രബാബു,വൈസ് പ്രസിഡന്റ് കെ.എൻ. ബാബു എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എസ്. ശിവരാജൻ,കോ-ഓർഡിനേറ്റർ ലൈല സുകുമാരൻ,സെക്രട്ടറി ജനറൽ പി.എസ് ബാബുറാം,ട്രഷറർ പ്രബോധ് എസ്. കണ്ടച്ചിറ എന്നിവർ സംസാരിച്ചു.