
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലെ അത‌്ലറ്റിക്സ് വിഭാഗത്തിൽ ആദ്യ സ്വർണം നേടിയ സന്തോഷത്തിൽ മുഹമ്മദ് സുൽത്താന്റെ കണ്ണുകൾ നിറഞ്ഞു പോയി. പോയവർഷം 5 കി.മീ നടത്ത മത്സരത്തിൽ നാലാമതായിപ്പോയിരുന്നു. ആദ്യ പരിശീലകനായ ചേട്ടൻ റസലിനായി ഒരു സ്വർണം മെഡൽ നേടണമെന്ന ആഗ്രഹം യാഥാർത്ഥ്യമാക്കിയതിന്റെ സന്തോഷത്തിൽ മതിമറന്നപ്പോഴാണ് കണ്ണുകലങ്ങിയത്. മലപ്പുറം കടകശേരി ഐഡിയൽ സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി രണ്ട് വർഷം മുമ്പാണ് നടത്തത്തിലേക്ക് തിരിയുന്നത്. റസലിന്റെ പാത പിന്തുടരുകയായിരുന്നു. മലപ്പുറം രാരിമംഗലം എസ്.എം.എം.എച്ച്. എസിനായാണ് സുൽത്താൻ ആദ്യമായി സംസ്ഥാന സ്കൂൾ കായികമേളയിൽ എത്തുന്നത്. അന്ന് നിരാശനായി മടങ്ങിയ സുൽത്താനെ റസൽ കായികാദ്ധ്യാപകൻ കെ.കെ. സുജിത്ത് മുഖേനെ ഐഡിയലിൽ എത്തിച്ചു. കഠിന പരിശ്രമത്തിലൂടെ ജില്ലയിൽ മികവ് തെളിയിച്ച സുൽത്താൻ 23 മിനിട്ട് 35 സെക്കൻഡിലാണ് ഇന്നലെ ലക്ഷ്യത്തിലേക്ക് നടന്നുകയറിയത് പ്രവാസിയായ ലത്തീഫ് - ഫാത്തിമ എന്നിവരാണ് മാതാപിതാക്കൾ.