വൈപ്പിൻ: സി.പി.എം വൈപ്പിൻ ഏരിയ സമ്മേളനം 22, 23, 24 തിയതികളിലായി അയ്യമ്പിള്ളി സഹകരണ നിലയത്തിൽ നടക്കും. സമ്മേളനം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. എസ്. ശർമ്മ, ഗോപി കോട്ടമുറിക്കൽ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
നാളെ കുഴുപ്പിള്ളി ബാങ്ക് അങ്കണത്തിൽ വിപ്‌ളവഗാനാലാപനങ്ങൾ, 10ന് എടവനക്കാട് ബാങ്ക് ഹാളിൽ മതനിരപേക്ഷതക്കെതിരെയുള്ള കടന്നാക്രമണം എന്ന വിഷയത്തിൽ ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണന്റെ പ്രഭാഷണം,12ന് ഞാറക്കൽ എസ്.എൻ ഓഡിറ്റോറിയത്തിൽ കൈകൊട്ടിക്കളി, 13ന് പുതുവൈപ്പ് എസ്.എൻ ഹാളിൽ ജോൺ ഫെർണാണ്ടസിന്റെ പ്രഭാഷണം, 17ന് പള്ളിപ്പുറത്ത് വടംവലി മത്സരം തുടങ്ങിയ അനുബന്ധ പരിപാടികൾ നടക്കും.
22ന് എടവനക്കാട് നിന്ന് പതാക ജാഥ, മുരിക്കുംപാടത്തുനിന്ന് കൊടിമരജാഥ, ചെറായിയിൽ നിന്ന് ദീപശിഖ ജാഥ എന്നിവ പുറപ്പെടും. 25ന് വൈകീട്ട് 4 ന് അയ്യമ്പിള്ളിയിൽ നിന്ന് ചുവപ്പ് സേന പരേഡ് ഉൾപ്പെടെയുള്ള പ്രകടനം ആരംഭിച്ച് പള്ളത്താംകുളങ്ങരയിൽ എത്തി പൊതുസമ്മേളനത്തോടെ ഏരിയാസമ്മേളനം അവസാനിക്കും.
3 വർഷം മുൻപ് ഏരിയയിൽ 1541 അംഗങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ 2016 ആയി വർദ്ധിച്ചുവെന്ന് പത്രസമ്മേളനത്തിൻ ഏരിയാസെക്രട്ടറി എ.പി. പ്രിനിൽ അറിയിച്ചു. കെ.എ. സാജിത്ത് , ഡോ. കെ.കെ. ജോഷി, എ.കെ. ശശി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.