വൈപ്പിൻ: കേരള കോൺഗ്രസ് (എം) ഉന്നതാധികാരസമിതി അംഗവും മുൻ എം.എൽ.എയുമായ ജോണി നെല്ലൂരിനെതിരെ പാർട്ടി വൈപ്പിൻ നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത്. മാലിപ്പുറത്ത് നടക്കുന്ന മുല്ലപ്പെരിയാർ ടണൽ സമരത്തിൽ പാർട്ടിയുടെ അറിവോ, സമ്മതമോ ഇല്ലാതെ പങ്കെടുത്ത് സംസാരിച്ചതാണ് വൈപ്പിൻ ഘടകത്തെ പ്രകോപിപിച്ചത്. മുനമ്പത്ത് നടക്കുന്ന ഭൂസമരത്തിലും ഇദ്ദേഹം പാർട്ടി ചെയർമാൻ എത്തുന്നതിന് രണ്ട് ദിവസം മുമ്പ് എത്തി പങ്കെടുത്തതിലും പ്രതിഷേധമുണ്ട്. ജോണി നെല്ലൂർ യുഡിഎഫിലെ ഘടകകക്ഷിയായ ജേക്കബ് കേരളകോൺഗ്രസിൽ നിന്ന് എൽ.ഡി.എഫിലെ കേരള കോൺഗ്രസിലെത്തിയിട്ട് അധികനാളായിട്ടില്ല. ജോണി നെല്ലൂരിനെതിരെ വൈപ്പിനിലെ നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.