socialissu
തൃക്കളത്തൂരിൽ പെരിയാർ വാലി കനാൽ റോഡിൽ മാലിന്യം കോരിയിട്ട നിലയിൽ

മൂവാറ്റുപുഴ: തൃക്കളത്തൂരിൽ പെരിയാർ വാലി കനാലിൽ നിന്നുള്ള മാലിന്യം പ്രദേശവാസികൾക്ക് ദുരിതമാകുന്നു. കീഴില്ലം-വാളകം പെരിയാർവാലി ബ്രാഞ്ച് കനാലിന്റെ തൃക്കളത്തൂർ ഭാഗത്താണ് കനാലിൽ നിന്ന നീക്കം ചെയ്ത ചെളിയും മണ്ണും കനാലിന് സമീപമുള്ള റോഡരികിൽ കോരിയിട്ടത് . വേനലിൽ വെള്ളം തുറന്ന് വിടുന്നതിനായി പെരിയാർ വാലി അധികൃതർ കനാലിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഹിറ്റാച്ചി ഉപയോഗിച്ച് കനാലിൽ നിന്ന് നീക്കം ചെയ്ത ചെളി കനാൽ ബണ്ട് റോഡിലേക്ക് കോരി ഇട്ടത്. മഴ പെയ്തതോടെ മണ്ണും ചെളിയും കനാൽ ബണ്ട് റോഡിൽ ഒഴുകി വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായി. നിരവധി വാഹനയാത്രക്കാർ ചെളിയിൽ തെന്നി അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ താഴ്ന്ന സ്ഥലങ്ങളിലെ വീടുകളിലേക്ക് മലിനജലം ഒഴുകിയെത്തി. കനാലിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ചെളിയും പുല്ലും കാടും അടങ്ങിയ മാലിന്യങ്ങൾ കോരിയിട്ടിരിക്കുന്നത്. പ്രദേശവാസികൾ വിവരം അറിയിച്ചിട്ടും പെരിയാർ വാലി അധികൃതർ സ്ഥലം സന്ദർശിക്കുന്നതിനോ പരിഹാരം കാണുന്നതിനോ യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു.

കനാലിൽ നിന്ന് റോഡിൽ കോരിയിട്ട മാലിന്യം നീക്കം ചെയ്യണം. മാലിന്യം അശ്രദ്ധമായി നിക്ഷേപിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് പെരിയാർവാലി ഉന്നത ഉദ്യോഗസ്ഥർക്കും വിജിലൻസിനും പരാതി നൽകും

മാത്യൂസ് വർക്കി

മുൻ പ്രസിഡന്റ്

പായിപ്ര പഞ്ചായത്ത്