കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ പ്രമുഖമായ ഒരു വിദ്യാലയത്തിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയെ ഇന്നലെ രാവിലെ മുതൽ കാണാതായ സംഭവത്തിൽ ഒടുവിൽ ആശ്വാസം. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മാതാവിന്റെ സ്വദേശമായ പരപ്പനങ്ങാടിയിലെ റെയിൽവെ സ്റ്റേഷനിൽ നിന്ന് കുട്ടിയെ കണ്ടെത്തി. രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥി നീലീശ്വരത്തുനിന്ന് ബസിൽ കയറിയതായി സഹപാഠികൾ ഹെഡ്മാസ്റ്ററോട് പറഞ്ഞിരുന്നു. ഉച്ചഭക്ഷണം നല്കുന്നതിനായി പിതാവ് സ്കൂളിലെത്തിയപ്പോഴാണ് കുട്ടി സ്കൂളിൽ എത്തിയില്ലെന്ന് അറിയുന്നത്. തുടർന്ന് പിതാവും ഹെഡ്മാസ്റ്ററും കാലടി പൊലീസിൽ പരാതി നൽകി. നവമാദ്ധ്യമങ്ങളിൽ കുട്ടിയുടെ ഫോട്ടോ അടക്കം വാർത്തയും വന്നു. തുടർന്നാണ് കുട്ടിയെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ മാതാവിന് വിദേശത്താണ് ജോലി. പിതാവ് റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്ററാണ്.