
പെരുമ്പാവൂർ: അറക്കപ്പടി വില്ലേജ് ഓഫീസ് കുത്തിത്തുറന്ന് ബാറ്ററി മോഷ്ടിച്ച കേസിൽ അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയി (40)യെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ 30ന് രാത്രിയിലാണ് സംഭവം. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ പെരുമ്പാവൂരിൽ നിന്ന് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ജൂൺ ആറിന് ഇയാൾ ഈ വില്ലേജ് ഓഫീസിൽ കയറി ലാപ്ടോപ്പും മോഷ്ടിച്ചിരുന്നു. ഈ കേസിൽ മൂന്ന് മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് സെപ്തംബറിലാണ് പുറത്തിറങ്ങിയത്.
ഇയാൾ മോഷണം നടത്താൻ ഉപയോഗിച്ച സ്കൂട്ടർ കഴിഞ്ഞ മാസം 25ന് എറണാകുളം ഹൈക്കോടതി ഭാഗത്തുനിന്ന് മോഷ്ടിച്ചതായിരുന്നു. ഈ മാസം ഒന്നിന് എറണാകുളത്ത് ഒരു വർക്ക്ഷോപ്പ് കുത്തിപ്പൊളിച്ച് അകത്തുകയറി മറ്റൊരു സ്കൂട്ടർ മോഷ്ടിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. രണ്ട് സ്കൂട്ടറുകളും പൊലീസ് കണ്ടെടുത്തു.
വില്ലേജ് ഓഫീസിൽ നിന്നു മോഷ്ടിച്ച ബാറ്ററി എറണാകുളം മാർക്കറ്റ് ഭാഗത്തുള്ള ആക്രിക്കടയിൽ വിറ്റിരുന്നു.
പെരുമ്പാവൂർ കാലടി, കുന്നത്തുനാട്, പുത്തൻകുരിശ്, തൃപ്പൂണിത്തുറ, അങ്കമാലി, കൊരട്ടി, ചാലക്കുടി, അയ്യമ്പുഴ, എറണാകുളം സെൻട്രൽ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ.
എ.എസ്.പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർ പി.എം. റാസിഖ്, പി.എ. അബ്ദുൽ മനാഫ്, ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, എം.ബി. ജയന്തി , ബെന്നി ഐസക്, സിബിൻ സണ്ണി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.