കാക്കനാട്: മുറിച്ചിട്ട കേബിളുകൾ കാൽനടക്കാർക്കുൾപ്പെടെ പാരയായതോടെ തൃക്കാക്കര നഗരസഭാ അധികാരികൾ നീക്കം ചെയ്തു. പാലാരിവട്ടത്തുനിന്ന് ഇൻഫോപാർക്ക് വരെയുള്ള മെട്രോറെയിൽ നിർമ്മാണമായി ബന്ധപ്പെട്ട് കാക്കനാട് ചെമ്പുമുക്ക് പ്രദേശത്തെ കേബിളുകളാണ് കഴിഞ്ഞദിവസം മെട്രോറെയിൽ അധികൃതർ മുറിച്ചത്. എന്നാൽ മുറിച്ചിട്ട കേബിളുകൾ എടുത്തുമാറ്റുവാൻ മെട്രോ അധികൃതർ തയ്യാറായില്ല. അഞ്ച് വഴിയാത്രക്കാർക്ക് ഈ കേബിൾക്കുരുക്കിൽ തട്ടി പരിക്കേറ്റു. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വാർഡ് കൗൺസിലർ കെ.എക്സ്. സൈമൺ മെട്രോറെയിൽ അധികൃതമായി ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്ന് കൗൺസിലറുടെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം തൊഴിലാളികളാണ് മുറിച്ചിട്ട കേബിളുകൾ പൂർണമായും മാറ്റിയത്.
മെട്രോ റെയിൽ കടന്നുപോകുന്ന കാക്കനാട്ടെ പല സ്ഥലങ്ങളിലും മെട്രോ റെയിൽ അധികൃതർ മുറിച്ചുമാറ്റിയ കേബിളുകൾ ഇതുപോലെ കിടക്കുന്നുണ്ട്. മുറിച്ചിടുന്ന കേബിളുകൾ മുറിച്ചുമാറ്റുന്നവർ തന്നെ സമയബന്ധിതമായി നീക്കണമെന്നാണ് ആവശ്യം.