
കൊച്ചി: ഐ.എസ്.എല്ലിൽ സ്വന്തം കളത്തിൽ കേരള ബ്ളാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹൈദരാബാദ് ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ചു. ഒരുഗോൾ സമനില മറികടക്കാൻ രണ്ടാം പകുതിയിൽ ബ്ളാസ്റ്റേഴ്സ് പോരാടിയെങ്കിലും ഹൈദരാബാദിന്റെ പ്രതിരോധം മറികടക്കാനായില്ല.
പതിമൂന്നാം മിനിറ്റിൽ ജീസസ് ജിമ്മെൻസാണ് ബ്ളാസ്റ്റേഴ്സിന്റെ ഏകഗോൾ നേടിയത്. ഗോൾമുഖത്തിന്റെ വലത്തേ മൂലയിൽ നിന്ന് ലഭിച്ച പാസാണ് വലയിൽ വീഴ്‌ത്തിയത്.
ഹൈദരാബാദിന് വേണ്ടി ആൻഡ്രേ ആൽബയാണ് രണ്ടുഗോളും നേടിയത്. 43 ാം മിനിറ്റിൽ പരാഗ് സതീഷ് നടുവിലേയ്ക്ക് നൽകിയത് പന്ത് ആൽബ വലയിൽ വീഴ്‌ത്തി. 70 ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലാണ് ആൽബ രണ്ടാം ഗോൾ നേടിയത്.
രണ്ടാംപകുതിയിൽ ഹെെദരാബാദിന്റെ കളത്തിൽക്കയറി ആക്രമണത്തിന് ബ്ളാസ്റ്റേഴ്സ് ശ്രമിച്ചു. ഒന്നിലേറെത്തവണ രാഹുൽ കെ.പിക്ക് ഗോൾ മുഖത്ത് പന്തുകൾ ലഭിച്ചെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല. ലൂണയുൾപ്പെടെ അവസാന മിനിറ്റുകളിൽ ഗോൾ പ്രതീക്ഷ നൽകിയ കളി പുറത്തെടുത്തെങ്കിലും സമനില പിടിക്കാൻ പോലും കഴിഞ്ഞില്ല.