 
* യു.ഡി.എഫിന്റെ നോമിനേഷൻ തള്ളി
കാക്കനാട്: തൃക്കാക്കര നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി എൽ.ഡി.എഫിലെ റസിയ നിഷാദിനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. എൽ.ഡി.എഫ് 3, യു.ഡി.എഫ് 3, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്രഅംഗം ഇ.പി. കാദർകുഞ്ഞ് കഴിഞ്ഞ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു. യു.ഡി.എഫിലെ സോമി റെജിയായിരുന്നു മുൻ ചെയർപേഴ്സൺ. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞദിവസം ഇവർ രാജിവച്ചിരുന്നു. വനിതാ സംവരണമായ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് യു.ഡി.എഫിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ലാലി ജോഫിൻ നോമിനേഷൻ കൊടുത്തിരുന്നു. എന്നാൽ ഈ നോമിനേഷൻ നിയമപരമായി നിലനിൽക്കാത്തതിനാൽ തിരഞ്ഞെടുപ്പിന് മുമ്പ് വരണാധികാരി ഡെപ്യൂട്ടി കളക്ടർ വിപിൻകുമാർ തള്ളി. യു.ഡി.എഫിലെ മറ്റ് കമ്മിറ്റി അംഗങ്ങൾ വരാത്തതിനെ തുടർന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ റസിയാ നിഷാദിനെ തിരഞ്ഞെടുത്തു. തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാർ പ്രകടനവും യോഗവും നടത്തി.
നഗരസഭ പ്രതിപക്ഷനേതാവ് എം.കെ. ചന്ദ്രബാബു, ഉപനേതാവ് കെ.എക്സ്. സൈമൺ, അജുനാ ഹാഷിം, ഇ.പി. കാദർകുഞ്ഞ്, ജിജോ ചിങ്ങംതറ തുടങ്ങിയവർ നേതൃത്വം നൽകി.