
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത് ലഹരി പദാർത്ഥങ്ങൾ വില്പന നടത്തുന്ന യുവതിയടക്കം രണ്ട് പേർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. കുന്നുകര വയൽക്കര തൂമ്പാരത്തുവീട്ടിൽ ഷാരൂഖ് സലീം (27), പാലക്കാട് മണ്ണാർക്കാട് കള്ളമല ചിന്നപ്പറ വാച്ചാപ്പിള്ളി വീട്ടിൽ സോണാ പോൾ (25) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 4.62 ഗ്രാം എം.ഡി.എം.എയും രണ്ടുഗ്രാം കഞ്ചാവും കണ്ടെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് തുരുത്തുശേരി ഭാഗത്തെ ഹോട്ടലിൽനിന്ന് സ്ക്വാഡ് സി.ഐ പ്രമോദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വിമാനത്താവള പരിസരത്തെ വിവിധ ഹോട്ടലുകളിൽ മാറിമാറി താമസിച്ചാണ് പ്രതികൾ ലഹരി കച്ചവടം നടത്തിയിരുന്നത്.
ഇടപ്പള്ളിയിലെ ഒരു മസാജിംഗ് സെന്ററിലെ ജീവനക്കാരിയായിരുന്ന യുവതിയെ ഇവിടെവച്ചാണ് ഷാരൂഖ് പരിചയപ്പെട്ടതെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.