nimish

കൊച്ചി: പോയവർഷം ജൂനിയറായിട്ടും സീനിയറായി ഇറങ്ങി നടത്തത്തിൽ വെള്ളി നേടിയ നിരഞ്ജന ഇക്കുറി ജൂനിയറിൽ തന്നെ ഇറങ്ങി സ്വർണം സ്വന്തമാക്കി. കഴിഞ്ഞ ഒരു വർഷമായി ആഗ്രഹിച്ച നിമിഷംവന്നു ചേർന്നപ്പോൾ മലപ്പുറം ആലത്തിയൂർ കെ എച്ച്.എം.എച്ച്.എസിലെ പത്താം ക്ലാസുകാരിക്ക് സന്തോഷം അടക്കാനായില്ല. ഫി​നി​ഷിംഗ് ലൈനി​ൽ നി​ന്ന് മാഷേയെന്ന് വിളിച്ച് പരിശീലകൻ റിയാസ് ആലത്തിയൂരിന്റെ അടുത്തേയ്ക്ക് അവൾ ഓടി. ശി​ഷ്യയെ ചേർത്തു നിറുത്തിയ റിയാസിന്റെയും കണ്ണുകൾ നിറഞ്ഞു.

രണ്ടുവർഷമേ ആയിട്ടുള്ളൂ നിരഞ്ജന കായികരംഗത്തേയ്ക്ക് വന്നിട്ട്. 2023 കുന്നംകുളം കായികമേളയിൽ 3 കി.മീ. നടത്തത്തിൽ 4.49 സെക്കൻഡിലായിരുന്നു സ്വർണം നഷ്ടമായത്. അന്ന് ജൂനിയറിൽ സ്കൂളിൽ നിന്നും രണ്ടുപേർ മത്സരിക്കാൻ ഉണ്ടായതിനാലാണ് നിരഞ്ജന സീനിയറിൽ ഇറങ്ങിയത്. അന്ന് മുതൽ സ്വർണം നേടണമെന്ന് ഉറച്ചായിരുന്നു പരിശീലനം. പഠനത്തിൽ അല്പം പിന്നാക്കം പോയപ്പോൾ വീട്ടുകാർ വിലക്കി. ഒടുവിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങാമെന്ന് റിയാസിന് ഉറപ്പുനൽകിയായിരുന്നു തിരിച്ചുവരവ്.

25 കി.മി യാത്ര ചെയ്ത് ചാത്തന്നൂർ മൈതാനത്തായിരുന്നു പരിശീലനം. ഒരോ തവണയും 100 രൂപ നൽകിയായിരുന്നു ട്രാക്ക് ഉപയോഗിച്ചിരുന്നത്. കൂലിപ്പണിക്കാരനായ പിതാവ് പ്രസീതും അമ്മ ശ്രീജിതയും വരുമാനത്തിൽ നിന്നും നല്ലൊരു ഭാഗം നീക്കിവച്ച് ഇതിനായുള്ള തുക നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ പ്രതീക്ഷയാണ് നിരഞ്ജന. നല്ലൊരു ജോലിവാങ്ങി അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണമെന്നാണ് നിരഞ്ജനയുടെ ആഗ്രഹം. സഹോദിരി നിവേദിതയും കായിക താരമാണ്.