
ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ചോറ്റാനിക്കര: വെട്ടിക്കൽ തുപ്പംപടി റോഡിൽ ജനങ്ങൾക്ക് ഭീഷണിയായി നിന്ന മാഞ്ചിയം വ്യാഴാഴ്ച രാത്രി 10. 30 ന് വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു. പോസ്റ്റിന്റെ രണ്ട് സൈഡിലും സ്റ്റേ വയർ ഉള്ളതിനാൽ പോസ്റ്റ് ഒടിയാഞ്ഞത് ദുരന്തം ഒഴിവാക്കി. മരം ലൈനിലേക്ക് വീണതോടെ പ്രദേശത്താകെ വൈദ്യുതി നിലച്ചു. സംഭവം അറിഞ്ഞ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കാഴ്ച കണ്ടു മടങ്ങി. ഇന്നലെ രാവിലെ 9 മണിയോടെ എത്തിയാണ് മരം മുറിച്ചുമാറ്റിയത്. അതുവരെ പ്രദേശത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. മരം മുറിക്കുന്നതിന്റെ ഭാഗമായി ഉച്ച 12 വരെ ഉണ്ടായ രൂക്ഷമായ ഗതാഗത തടസവും ജനത്തെ ബുദ്ധിമുട്ടിച്ചു.
ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാർഡ് വെട്ടിക്കൽ ലക്ഷംവീട് കോളനിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വീട് നിർമ്മാണത്തിന് മണ്ണ് മാറ്റിയതിനെ തുടർന്ന് അപകടവസ്ഥയിൽ ആയ മരം സമീപത്തെ വൈദ്യുത ലൈനിലേക്ക് ചെരിഞ്ഞപ്പോൾ തന്നെ വീട്ടുടമ കെ.എസ്.ഇ.ബി അധികൃതരെ സംഭവം അറിയിച്ചിരുന്നു. എന്നാൽ, 12000 രൂപ അടച്ചാൽ മാത്രമേ വൈദ്യുത ലൈൻ അഴിച്ചു മാറ്റുകയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്.
കെ.എസ്.ഇ.ബിയുടെ വാശി കാറ്റ് കൊണ്ടുപോയി
ചെറിയ കാറ്റടിച്ചാൽ പോലും ഉണ്ടായേക്കാവുന്ന വലിയ ദുരന്ത സാദ്ധ്യത മുൻകൂട്ടി കണ്ട സമീപവാസികൾ കെ.എസ്.ഇ.ബി, പഞ്ചായത്ത് അധികൃതർ എന്നിവരെ അറിയിച്ചുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇത് ഇന്നലെ കേരളകൗമുദി വാർത്ത നൽകിയിരുന്നു. അപേക്ഷ നൽകിയാൽ മാത്രമേ വൈദ്യുതി ലൈൻ ഓഫാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് അധികൃതർ പറഞ്ഞതെങ്കിലും മരം ലൈനിലേക്ക് വീണതിനെ തുടർന്നു കെ.എസ്.ഇ.ബി അധികൃതർക്ക് തന്നെ മുറിച്ചുമാറ്റേണ്ടി വന്നു.
12 മണിക്ക് ശേഷമാണ് പ്രദേശത്ത് വൈദ്യുതി ലഭിച്ചത്. മരം മുറിച്ചു മാറ്റുന്നതിന്റെ ഭാഗമായി പ്രദേശത്ത് ഗതാഗതക്കുരുക്കും ഉണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന ബസുകളടക്കം നിരവധി നേരം കാത്തുനിൽക്കേണ്ടി വന്നു. വൈദ്യുതി, യാത്ര തടസം സൃഷ്ടിച്ചത് കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണ്. മരത്തിന്റെ അവസ്ഥ പലവട്ടം കെ.എസ്.ഇ.ബി അധികൃതരെയും പഞ്ചായത്തിനെയും അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാൻ അവർ മടിച്ചു.
മോഹനൻ
അയൽവാസി